കേന്ദ്ര ഓർഡിൻസ്; പിന്തുണച്ചില്ലെങ്കിൽ പാട്ന യോഗത്തിൽ പങ്കെടുക്കില്ല,കോൺഗ്രസിന് മുന്നറിയിപ്പുമായി ആം ആദ്മി
ദില്ലി: വിശാല പ്രതിപക്ഷ പാർട്ടി യോഗം വെള്ളിയാഴ്ച പാട്നയിൽ നടക്കാനിരിക്കെ കോൺഗ്രസിന് മുന്നറിയിപ്പുമായി ആം ആദ്മി പാർട്ടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി സർവ്വീസസ് ഓർഡിനൻസിനെതിരായ ആം ആദ്മി പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ പാട്ന യോഗത്തിൽ നിന്നും വിട്ട് നിൽക്കുമെന്നാണ് ആം ആദ്മിയുടെ മുന്നറിയിപ്പ്. വിഷയത്തിൽ കോൺഗ്രസ് തങ്ങൾക്കൊപ്പം നിൽക്കില്ലെങ്കിൽ ഇനിയുള്ള പ്രതിപക്ഷ പാർട്ടി യോഗങ്ങളിലും തങ്ങൾ ഭാഗമാകില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.
കേന്ദ്ര ഓർഡിനൻസിനെ കുറിച്ച് പാട്ന യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഓർഡിനൻസുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്തുന്നതിനെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യണമെന്നായിരുന്നു കെജരിവാൾ കത്തിൽ ആവശ്യപ്പെട്ടത്. ദില്ലി സർക്കാരിന്റെ അധികാരം കവർന്നെടുക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഈ ഓർഡിനൻസ് വിജയിച്ചാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഓർഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവരുമെന്നും കത്തിൽ കെജരിവാൾ പറഞ്ഞിരുന്നു.

നേരത്തേ വിഷയത്തിൽ പ്രതിപക്ഷ നേതാക്കളെ നേരിട്ട് കണ്ട് കെജരിവാൾ പിന്തുണ ഉറപ്പാക്കിയിരുന്നു. ഡിഎംകെ, ബി ആർ എസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻ സി പി, ജെ ഡി യു, ആർ ജെ ഡി തുടങ്ങിയ പാർട്ടി നേതാക്കളുമായിട്ടായിരുന്നു കെജരിവാൾ കൂടിക്കാഴ്ച നടത്തിയത്. അതേസമയം വിഷയത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആം ആദ്മിയെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ദില്ലി, പഞ്ചാബ് ഘടകങ്ങൾ ഹൈക്കമാന്റിനെ നിലപാട് അറിയിച്ചതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിഷയത്തിൽ ആം ആദ്മിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ നിങ്ങൾ ഒഴിവുകഴിവുകൾ തേടുകയാണെന്നായിരുന്നു സന്ദീപ് വിമർശിച്ചത്. 'യോഗത്തിൽ ആരും നിങ്ങളെ മിസ് ചെയ്യാൻ പോകുന്നില്ല. എന്തെങ്കിലും ഡീൽ വെച്ച് മുന്നോട്ട് പോകാൻ താത്പര്യപ്പെടുന്നവർക്ക് വേണ്ടിയുള്ള യോഗമല്ല പാട്നയിൽ നടക്കുന്നത്', എന്നായിരുന്നു സന്ദീപ് ദീക്ഷിത് പ്രതികരിച്ചത്. അതേസമയം രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ഇനി എന്ത് നിലപാട് എടുക്കും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
ദില്ലിയിലെ ഉദ്യോഗസ്ഥരുടെ നിയമന-സ്ഥലംമാറ്റ അധികാരം ദില്ലി സർക്കാരിനാണെന്നും പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പോലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നുമുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് കേന്ദ്രം ഓർഡിനൻസ് അവതരിപ്പിച്ചത്. ഓർഡിനൻസിന് പകരമായുള്ള ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്താൻ എഎപിക്ക് മറ്റ് പ്രതിപക്ഷ പാർടികളുടെ പിന്തുണ ആവശ്യമാണ്.












Click it and Unblock the Notifications