അഭിജീതിനെ പൂട്ടി, പിന്നാലെ നേഹ ഇറങ്ങി, ഡൽഹിയിൽ വിലക്കുകൾ ഭേദിച്ച് തിരംഗ മാർച്ച്, വൻ പ്രതിഷേധം
ന്യൂ ഡൽഹി: ആയിരക്കണക്കിന് പോലീസിനെ ഇറക്കിയിട്ടും ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം. മണ്ഡി ഹൗസിലും കൊണാട്ട് പ്ലേസിലും അടക്കം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ദേശീയ പതാകയുമായി, ചെറുസംഘങ്ങളായി നൂറ് കണക്കിന് ആളുകളാണ് സിജെപി പ്രഖ്യാപിച്ച തിരംഗ മാര്‍ച്ചിന് എത്തിയത്.
സിജെപിയുടെ പ്രതിഷേധ മാര്‍ച്ചിനൊപ്പം ഐസയും എസ്എഫ്ഐയും സിപിഎമ്മും ആം ആദ്മി പാര്‍ട്ടിയും അടക്കമുളളവർ കൂടി ചേര്‍ന്നതോടെ രാജ്യതലസ്ഥാനം വൈകിട്ടോടെ സംഘര്‍ഷഭരിതമായി. ഇന്ന് വൈകിട്ട് 5 മണിക്ക് ആയിരുന്നു കൊണാട്ട് പ്ലേസില്‍ സിജെപി ലഹരാവോ തിരംഗ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ മാര്‍ച്ചിന് ഇറങ്ങിയതിന് മിനുട്ടുകൾക്കകം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ അതിന് പിന്നാലെ 5 മണിക്ക് പ്രതിഷേധിക്കുമെന്ന് ഐസ നേതാവ് നേഹ ബോറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു. കൊണാട്ട് പ്ലേസിന് സമീപത്തുളള മാണ്ഡി ഹൗസിലേക്കാണ് നേഹയും മറ്റ് വിദ്യാര്‍ത്ഥികളും എത്തിയത്. എന്നാല്‍ മാര്‍ച്ച് തുടങ്ങുന്നതിന് മുന്‍പേ തന്നെ നേഹ ബോറയെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പോലീസ് വാഹനം തടയാന്‍ ഐസ പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും പോലീസ് ഇവരെ വലിച്ചിഴച്ച് മാറ്റുകയായിരുന്നു.
അറസ്റ്റ് ചെയ്താലും തീഹാര്‍ ജയിലില്‍ അടച്ചാലും പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്ന് നേഹ ബോറ പോലീസ് വാഹനത്തിനകത്ത് നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. നേഹ ബോറ അടക്കം നിരവധി പെണ്‍കുട്ടികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 6 മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കണം എന്നുളള നിയമം പാലിക്കാതെ തങ്ങളെ വാഹനത്തില്‍ പിടിച്ച് വെച്ചിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അതിനിടെ വിദ്യാര്‍ത്ഥികളെ കയറ്റിയ വാഹനത്തിന്റെ ചക്രത്തിന്റെ കാറ്റ് പ്രവര്‍ത്തകര്‍ അഴിച്ച് വിട്ടു.
വൈകിട്ട് 6 മണിയോടെയാണ് മറ്റ് ഇടത് സംഘടനകൾ പ്രതിഷേധ രംഗത്തേക്ക് എത്തിയത്. ദേശീയ പതാകകളുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ് പോലുളള സംഘടനകളിലെ പ്രവർത്തകരാണ് സിജെപിയുടെ തിരംഗ മാർച്ചിനൊപ്പം ചേർന്നത്. എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം, എസ്എഫ്ഐ നേതാക്കളായ ഐഷി ഘോഷ്, ആദർശ് എം സജി അടക്കമുളളവർ മാർച്ചിൽ അണിനിരന്നു.


Click it and Unblock the Notifications
