അഭിജിത് ദീപ്‌കെ ഒറ്റപ്പെട്ടു; സമരത്തിന് താല്‍ക്കാലിക വിരാമം, ദാസും രംഗയും ഡല്‍ഹി ഹൈക്കോടതിയില്‍
ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തി വന്ന സമരത്തിന് ഇടവേള. സമരം താല്‍ക്കാലികമായി നിര്‍ത്തുകയാണ് എന്ന സൂചന നല്‍കി സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. എല്ലാ പ്രവര്‍ത്തകരും വീട്ടുകാര്‍ക്കും ഉറ്റവര്‍ക്കുമൊപ്പം ദസറ ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അക്രമം നമ്മുടെ രീതിയല്ലെന്നും ദീപ്‌കെ ഓര്‍മിപ്പിച്ചു.
പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ സൗരവ് ദാസും അശുതോഷ് രംഗയും തിഹാര്‍ ജയിലിലാണ്. ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇരുവരും. ഇന്നു രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് സിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. നാളെ ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മെയ് മാസം മുതല്‍ സമരച്ചൂടിലാണ് സിജെപി. അമേരിക്കയിലായിരുന്ന അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍ വന്നിറങ്ങിയ വേളയില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സമരം ശക്തിപ്പെട്ടിരുന്നു. ദീപ്‌കെയുടെ വരവോടെ വീണ്ടും സമരാവേശമായി. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലാണ് സമരം അവസാനിച്ചത്. അധികം വൈകാതെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപി വീണ്ടും സമരം പ്രഖ്യാപിച്ചത്.
എന്നാല്‍ നീറ്റ് പരീക്ഷക്കെതിരെ നടന്ന സമരത്തിന്റെ ആവേശം എസ്‌ഐആര്‍ വിരുദ്ധ സമരത്തിന് ലഭിച്ചില്ല എന്ന വിലയിരുത്തലുണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്ത വേളയില്‍ ശക്തമായ പ്രതിഷേധം ഇല്ലാതിരുന്നതും ഇതിന് തെളിവായി. മറ്റു വിദ്യാര്‍ഥി സംഘടനകളും ഇന്ത്യ സഖ്യവുമെല്ലാം ഏറ്റെടുത്ത വിഷയം തന്നെയാണ് സിജെപിയും ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ സമരത്തിന്റെ നേതൃത്വമാര്‍ക്ക് എന്ന ചോദ്യവും ഉയര്‍ന്നു.
ഇതിനിടെ ദാസിനെയും രംഗയെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് സിജെപിയുടെ കരുത്ത് ചോര്‍ത്തി എന്നാണ് വിലയിരുത്തല്‍. ദീപ്‌കെ ഇന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ഇരുവരുടെയും അസാന്നിധ്യം എടുത്തു പറഞ്ഞു. ഈ വേളയിലാണ് സിജെപി പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ദീപ്‌കെ അഭ്യര്‍ഥിച്ചത്.
ഇനിയുള്ള ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കണം എന്ന ദീപ്‌കെയുടെ സന്ദേശം സമരത്തിന് ഇടവേള നല്‍കുന്നു എന്ന സൂചനയാണ്. സമരത്തിന്റെ ആസൂത്രണം നടത്തിയത് ദാസും രംഗയുമാണ് എന്ന് ദീപ്‌കെ വെളിപ്പെടുത്തി. ഇരുവരും ജയിലിലായതും സമരത്തിന്റെ തുടര്‍നീക്കങ്ങളെ ബാധിച്ചു. ദീപാവലിക്ക് ഇരുവരും പുറത്തിറങ്ങുമെന്നാണ് ദീപ്‌കെ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം സമരം പുനരാരംഭിക്കാമെന്നും അദ്ദേഹം കരുതുന്നു എന്ന് വേണം മനസിലാക്കാന്‍. ഇനിയും സിജെപി സമര രംഗത്തിറങ്ങുമോ, അതോ അവസാനിപ്പിക്കൂമോ തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാന്‍ കുറച്ചുദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications
