അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുക്കാൻ വനിതാ പോലീസുകാർ: നീക്കത്തിന് പിന്നിൽ
ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനെത്തിയ കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കളായ അഭിജിത് ദിപ്കയേയും അശുതോഷ് റാങ്കയേയും സൗരവ് ദാസിനേയും അതിനാടകീയമായിട്ടാണ് ഇന്ന് ഡൽഹി പോലീസ് കസ്റ്റഡയിൽ എടുത്തത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മൂവരേയും വിമാനത്താവളത്തിലെത്തി വിമാനത്തിന് ഉള്ളിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേതാക്കളെ കസ്റ്റഡയിലെടുക്കാനുള്ള സാധ്യത നേരത്തേ തന്നെ നിലനിന്നിരുന്നുവെങ്കിലും വളരെ അപ്രതീക്ഷിതമായിട്ടാണ് വിമാനത്തിനുള്ളിലേക്ക് പോലീസ് കയറി ചെന്നത്. അതും വനിതാ ഉദ്യോഗസ്ഥരാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്. പുരുഷ പോലീസുകാർക്ക് പകരം വനിത പോലീസുകാരെ നിയോഗിച്ചത് ഡൽഹി പോലീസിൻ്റെ തന്ത്രമായതാണ് വിലയിരുത്തപ്പെടുന്നത്. പുരുഷ പോലീസുകാർ വിമാനത്തിനുളളിൽ കയറുന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കിയേക്കുമെന്ന വിലയിരുത്തലാകാം നീക്കത്തിന് പിന്നിൽ എന്നാണ് സൂചന.

വിമാനത്തിൻ്റെ ഉള്ളിൽ നേരിയ ഇടനാഴി മാത്രമാണുള്ളത്. ഇവിടെ വെച്ച് ഉന്തും തള്ളും ഉണ്ടായാൽ പെട്ടെന്ന് വലിയൊരു സംഘർഷത്തിലേക്ക് സാഹചര്യം വഴിമാറും. സ്ഥിതിഗതികൾ വഷളാകാനുള്ള സാധ്യത പരമാവധി കുറയ്ക്കാനാകാം പോലീസ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തേ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സിജെപി നടത്തിയ ജന്തർ മന്തർ സമരത്തിനിടെ സ്ത്രീ പ്രതിഷേധക്കാരെ പുരുഷ പോലീസുകാർ മർദ്ദിച്ചതായി സിജെപി ആരോപണം ഉന്നയിച്ചിരുന്നു. 12 ഓളം പേരുടെ തല അടിച്ചുപൊട്ടിച്ചുവെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമാണ് പരാതി ഉയർന്നത്. അതുകൊണ്ട് തന്നെ ഇത്തവണ അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിൻ്റെ കൂടി ഭാഗമായിട്ടായിരിക്കാം വിമാനത്തിലേക്ക് വനിതാ പോലീസുകാരെ കയറ്റി വിട്ടത് എന്നാണ് കരുതപ്പെടുന്നത്. ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ തന്നെയാണ് വന്നത്. തന്നെ അറസ്റ്റ് ചെയ്തോളൂവെന്നും ദീപ്കെ പറഞ്ഞു.
കസ്റ്റഡിയിലെടുത്തത് ഇങ്ങനെ
വിമാനം ഇറങ്ങിയപ്പോൾ തന്നെ വനിതാ ഉദ്യോഗസ്ഥർ നേതാക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു. ഇതോടെ മൂന്ന് പേരും ഇൻക്വിലാബ് വിളിച്ച് പ്രതിഷേധിച്ചു. പോലീസ് നീക്കം ദീപ്കെ മൊബൈലിൽ പകർത്തിയിരുന്നു.
കസ്റ്റഡിയിലെടുക്കുകയാണെന്ന് പോലീസുകാർ അറിയിച്ചതോടെ അഭിജിത് ദീപ്കെ ഇതിനെ ചോദ്യം ചെയ്തു. വിമാനത്തിൽ നിന്നും ഇറങ്ങാനുള്ള സാവകാശം പോലും നൽകാതെ കസ്റ്റഡിയിലെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് ദീപ്കെ പറഞ്ഞു. ഇത് യഥാർത്ഥത്തിൽ ഏകാധിപത്യമാണെന്നും ഇന്ദിരാഗാന്ധി പോലും ഇത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നും ദീപ്കെ പറഞ്ഞു.
അതേസമയം പ്രധാന നേതാക്കൾ അറസ്റ്റിലായെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു. ഇതിനിടെ സമരത്തെ ഇനി അജിങ്ക്യ ഷിന്‍ഡെ നയിക്കുമെന്നാണ് ദീപ്കെ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.


Click it and Unblock the Notifications
