ബംഗാളിൽ സംഘർഷം; തൃണമൂൽ എംപി അഭിഷേക് ബാനർജിയെ വളഞ്ഞിട്ട് തല്ലി ആൾക്കൂട്ടം
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 26 ദിവസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവില്ല. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ ഇരകളായ തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയ തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ദക്ഷിണ 24 പർഗാനാസിലെ സോനാർപൂരിൽ വെച്ച് ക്രൂരമായ ആൾക്കൂട്ട ആക്രമണമുണ്ടായി.
സോനാർപൂർ സൗത്തിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ തടഞ്ഞുനിർത്തി കല്ലുകളും കോഴിമുട്ടകളും ചെരുപ്പുകളും എറിഞ്ഞത്. തുടർന്നുണ്ടായ രൂക്ഷമായ ഉന്തിലും തള്ളിലും കൈയേറ്റത്തിലും അഭിഷേക് ബാനർജിയുടെ വസ്ത്രങ്ങൾ പൂർണ്ണമായും കീറിപ്പറിഞ്ഞു. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ അദ്ദേഹത്തിന് ഹെൽമെറ്റ് ധരിപ്പിച്ച് അതീവ പ്രയാസപ്പെട്ടാണ് അക്രമി കൂട്ടത്തിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കൊലചെയ്യപ്പെട്ട ടിഎംസി പ്രവർത്തകൻ സഞ്ജു കർമാകറിന്റെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ഈ സംഭവം. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ ഇതാദ്യമായാണ് അഭിഷേക് ബാനർജി ഒരു പ്രധാന പൊതുസന്ദർശനം നടത്തുന്നത്.
Sonarpur, West Bengal: TMC MP Abhishek Banerjee attacked during his visit to Sonarpur to meet the post-poll violence victims families pic.twitter.com/lfVcBKbdxB
— IANS (@ians_india) May 30, 2026
'എന്നെ കൊല്ലാനാണ് അവർ ശ്രമിച്ചത്'
ആക്രമണത്തിന് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതകളോടെ മാധ്യമങ്ങളോട് സംസാരിച്ച അഭിഷേക് ബാനർജി, തനിക്കെതിരെ നടന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത വധശ്രമമാണെന്ന് ആരോപിച്ചു. "അവർ എന്നെ കൊല്ലാനാണ് നോക്കിയത്. അക്രമികൾ എറിഞ്ഞ കല്ല് വന്ന് എന്റെ കണ്ണിലാണ് അടിച്ചത്, എനിക്ക് കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല. നെഞ്ചിലും കൈകാലുകളിലും അവർ ക്രൂരമായി മർദ്ദിച്ചു. തലയിൽ പോലീസ് ഹെൽമെറ്റ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്," വസ്ത്രം കീറിയ നിലയിൽ അതീവ വികാരാധീനനായി അഭിഷേക് പറഞ്ഞു. സമീപത്തുള്ള ഒരു കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11 മണി മുതൽ ഗുണ്ടകളെ ഇതിനായി കരുതിയിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നിൽ ബിജെപിയെന്ന് ടിഎംസി
ഈ ക്രൂരമായ ആക്രമണത്തിന് പിന്നിൽ പൂർണ്ണമായും ബിജെപിയാണെന്നും ഇത് ബിജെപി സ്പോൺസർ ചെയ്ത അക്രമമാണെന്നും അഭിഷേക് ബാനർജി ആരോപിച്ചു. സംഭവ സ്ഥലത്ത് ആവശ്യത്തിന് പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ഇരകളുടെ കുടുംബങ്ങൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുന്നത് വരെ താൻ അവിടെ നിന്നും മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ എല്ലാ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഈ ജനാധിപത്യ വിരുദ്ധ ആക്രമണത്തിനെതിരെ കൊൽക്കത്ത ഹൈക്കോടതിയെയും ഗവർണറെയും സമീപിക്കുമെന്നും ടിഎംസി നേതൃത്വം അറിയിച്ചു. അതേസമയം ജനങ്ങളെ ദ്രോഹിച്ച തൃണമൂൽ നേതാക്കളോടുള്ള സ്വാഭാവിക പ്രതികരണമാണെന്നാണ് ബിജെപിയുടെ പ്രതികരണം.












Click it and Unblock the Notifications