മുസ്ലിം സംവരണം റദ്ദാക്കല്‍: അമിത് ഷായുടെ പരാമർശത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ദില്ലി: കർണാടകയിലെ മുസ്‌ലിംകൾക്കുള്ള നാല് ശതമാനം സംവരണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ രാഷ്ട്രീയ പ്രസ്താവനകൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് ഉണ്ടാകുമ്പോൾ കൂടുതൽ പവിത്രത നിലനിർത്തേണ്ടതുണ്ടെന്നും സംസ്ഥാനത്തെ മുസ്ലീങ്ങൾക്ക് ഒബിസി വിഭാഗത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് ശതമാനം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജികൾ ജൂലൈയിലേക്ക് മാറ്റിവെച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ പരസ്യ പ്രസ്താവനകൾ പാടില്ല. രാഷ്ട്രീയവുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു. മെയ് 10 ന് നടക്കുന്ന കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയത്തിൽ അടുത്തിടെ നടത്തിയ പ്രസ്താവന ഹർജിക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പാർട്ടി മുസ്ലീങ്ങൾക്കുള്ള ക്വാട്ട പിൻവലിച്ചതായി ഷാ അഭിമാനത്തോടെ പറയുകയാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയില്‍ വ്യക്തമാക്കി.

"വിഷയം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ആരെങ്കിലും ഇത്തരം പ്രസ്താവനകൾ നടത്തുന്നത് എന്തുകൊണ്ടാണ്?" ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു. അതേസമയം അമിത് ഷായുടെ പരാമർശത്തിന്റെ സന്ദർഭത്തെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ കോടതിയോട് പറഞ്ഞിട്ടില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അവകാശപ്പെട്ടു.
"തങ്ങൾ പ്രധാനമായും മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് എതിരാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് പൂർണ്ണമായും ന്യായീകരിക്കപ്പെടുന്നു," മിസ്റ്റർ മേത്ത വാദിച്ചു, അതിനുശേഷം അച്ചടക്കം നിലനിർത്തണമെന്ന് കോടതി പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അതിനാലാണ് മുസ്ലിം സംവരണം അവസാനിപ്പിച്ചതെന്നും ആയിരുന്നു അമിത് ഷായുടെ പ്രതികരണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം സംവരണം പുനസ്ഥാപിക്കുമെന്നും അമിത് ഷാ കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പറഞ്ഞിരുന്നു.
കോടതി പരിഗണിക്കുന്ന വിഷയത്തിൽ പൊതുപ്രവർത്തകർ പ്രസ്താവന നടത്തുന്നത് അനുചിതമാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടിയപ്പോള്‍, 1971-ൽ കോടതി പരിഗണിച്ചിരുന്ന വിഷയത്തിൽ വാർത്താസമ്മേളനം നടത്തി പ്രതികരിച്ച ബംഗാൾ മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച കാര്യം ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെ.എം. ജോസഫും ചൂണ്ടിക്കാട്ടി
"നാലു ശതമാനം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് നിങ്ങൾ പറയുന്നു. ഇവിടെ നിങ്ങൾക്ക് ഈ പ്രസ്താവന നടത്താം. എന്നാൽ പൊതുസ്ഥലത്ത് നിന്ന് മറ്റൊരാൾ പ്രസ്താവന നടത്തുന്നത് തികച്ചും വ്യത്യസ്തമാണ്," ജസ്റ്റിസ് ബി.വി. നാഗരത്‌ന തുഷാർ മേത്തയോട് പറഞ്ഞു. എന്നാൽ, മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരായ നിലപാട് മാത്രമാണ് അമിത് ഷാ പ്രകടിപ്പിച്ചത് തൂഷാർ മേത്ത കോടതിയെ അറിയിച്ചു.












Click it and Unblock the Notifications