ഉത്തരാഖണ്ഡ് വീണ്ടും ബിജെപിക്കൊപ്പം: കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് എബിപി ന്യൂസ്- സി-വോട്ടർ സർവേ
ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സി-വോട്ടർ സർവേ. എന്നാൽ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അഞ്ച് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ഇത് ബിജെപിയുടെ നിലയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 57 സീറ്റുകളിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്. എന്നാൽ കോൺഗ്രസിന് 11 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരികയും ചെയ്തു.
2022ൽ ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വോട്ടർമാരുടെ മനസ്സറിയാൻ എബിപി ന്യൂസും സി-വോട്ടറും വോട്ടർമാർക്കിടയിൽ സർവേ നടത്തുന്നത്.

70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് 44-48 സീറ്റുകൾ ലഭിക്കുമെന്നാണ് എബിപി-സി വോട്ടർ സർവേയുടെ പ്രവചനം. അതേ സമയം കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് നില മെച്ചപ്പെടുത്തി 19 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അതുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും സർവേ പറഞ്ഞുവെക്കുന്നു. ഉത്തരാഖണ്ഡിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പാർട്ടി 0-4 സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 0-2 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നുണ്ട്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ 43.1% വോട്ടുകൾ നേടാൻ സാധ്യതയുണ്ടെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. ഇത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വോട്ടുകളേക്കാൾ 3.4% കുറവാണ്. കഴിഞ്ഞ തവണ ബിജെപി 46.5% വോട്ടുകളാണ് നേടിയത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം 32.6% വോട്ടുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ സഖ്യത്തിന് 33.5% വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതത്തിൽ 0.9% കുറവുണ്ടാകുമെന്നാണ് പ്രവചനം.
Recommended Video
ഉത്തരാഖണ്ഡിൽ കന്നി അങ്കത്തിനിറങ്ങുന്ന ആം ആദ്മി 14.6% വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20% വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. എന്നിരുന്നാലും, ഇത്തവണ അവരുടെ വോട്ട് വിഹിതം 9.7% ആയി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10.3% കുറവാണ്.












Click it and Unblock the Notifications