തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിക്കാൻ കോൺഗ്രസ്, മിസോറാമില്‍ തൂക്കുസഭ, എബിപി-സിവോട്ടർ സർവ്വേ
ഡല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിആര്‍എസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. നവംബര്‍ 30തിനാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 3ന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണല്‍ നടക്കും. കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയാണ് നിലവില്‍ തെലങ്കാനയില്‍ അധികാരത്തിലുളളത്.
അധികാരം നിലനിര്‍ത്താന്‍ ബിആര്‍എസ് വിയര്‍ക്കും എന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസ് ആണ് ബിആര്‍എസിന് കനത്ത വെല്ലുവിളി സംസ്ഥാനത്ത് ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ 119 സീറ്റുകളില്‍ ബിആര്‍എസിന് 43 മുതല്‍ 55 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.

അതേസമയം കോണ്‍ഗ്രസിന് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടാനായേക്കും. ബിജെപിക്ക് കാര്യമായ നേട്ടം തെലുങ്കാനയിലുണ്ടാക്കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വരെ വന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നുണ്ടെങ്കിലും 5 മുതല്‍ 11 വരെ സീറ്റ് മാത്രമേ ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിക്കുകയുളളൂ.
എബിപി-സി വോട്ടര്‍ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന് 39 ശതമാനം വോട്ട് ലഭിക്കും. അതായത് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാളും 10.5 ശതമാനം വോട്ട് കോണ്‍ഗ്രസിന് കൂടുതല് ലഭിച്ചേക്കും. ബിആര്‍എസിന് 9.4 ശതമാനം വോട്ട് കുറയും. ഇക്കുറി 37 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം. അതേസമയം ബിജെപി 9.3 ശതമാനം വോട്ട് ഉയര്‍ത്തും. 16. 3 ശതമാനം വോട്ടാണ് ബിജെപി പെട്ടിയിലാക്കുക.
മിസോറാമില്‍ തൂക്ക് സഭയ്ക്കാണ് സാധ്യത എന്നാണ് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയുടെ പ്രവചനം. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് 13 മുതല്‍ 17 വരെ സീറ്റ് ലഭിക്കാനാണ് സാധ്യത. കോണ്‍ഗ്രസിന് 10 മുതല്‍ 14 വരെയും സോറം പീപ്പിള്‍സ് മൂവ്‌മെന്റിന് 9 മുതല്‍ 13 വരെയും സീറ്റുകള്‍ ലഭിച്ചേക്കാം. മറ്റുളളവര്‍ക്ക് 1 മുതല്‍ 3 വരെ സീറ്റുകള്‍ക്കാണ് സാധ്യത.
എംഎന്‍എഫിന് 30.5 ശതമാനം വോട്ട് ലഭിച്ചേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 37.7 ശതമാനം വോട്ടായിരുന്നു. കോണ്‍ഗ്രസിന് 28.3 ശതമാനം വോട്ടും മിസോറാമില്‍ ശക്തിയാര്‍ജ്ജിക്കുന്ന സെഡ്പിഎമ്മിന് 27.1 ശതമാനം വോട്ടും ലഭിച്ചേക്കും. മറ്റ് പാര്‍ട്ടികള്‍ക്ക് 27. 1 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. നവംബര്‍ 7നാണ് മിസോറാമിലെ വോട്ടെടുപ്പ്.












Click it and Unblock the Notifications