രമേശ് ബിധുരിയുടെ അധിക്ഷേപം; വാർത്താസമ്മേളനത്തിനിടെ വിതുമ്പി മുഖ്യമന്ത്രി അതിഷി
ഡൽഹി: വാർത്താസമ്മേളത്തിനിടെ വിതുമ്പി ഡൽഹി മുഖ്യമന്ത്രി അതിഷി. ബിജെപി നേതാവ് രമേശ് ബിധുരിയുടെ അധിക്ഷേത്തിന് മറുപടി നൽകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണ് നിറഞ്ഞത്. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ഇത്രയും തരംതാഴാമോയെന്നും രാഷ്ട്രീയമെന്നത് ഇത്രയും തരംതാണ നിലയിലേക്ക് നീങ്ങുമെന്ന് ഒരിക്കൽ പോലും കരുതിയിട്ടില്ലെന്നും അവർ പറഞ്ഞു.
'എന്റെ പിതാവ് ഒരു അധ്യാപകനാണ്. അദ്ദേഹം പാവപ്പെട്ട മധ്യവർഗത്തിൽ പെട്ട ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ 80 വയസായി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ വളരെ മോശമാണ്. എന്റെ സഹായം ഇല്ലാതെ അദ്ദേഹത്തിന് പുറത്തിറങ്ങാൻ പോലും സാധിക്കില്ല', അതിഷി പറഞ്ഞു. ' തിരഞ്ഞെടുപ്പ് ജയിക്കാൻ വയസായൊരു മനുഷ്യനെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് ബിധുരി എത്തി. ഈ രാജ്യത്തെ രാഷ്ട്രീയം ഇത്തരത്തിൽ അധഃപതിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല', അതിഷി പറഞ്ഞു.

ഡൽഹിയിൽ കഴിഞ്ഞ 10 വർഷമായി എംപിയായിരുന്ന ആളാണ് ബിധുരി. എന്താണ് ഡൽഹിയിലെ ജനങ്ങൾക്കും തന്റെ മണ്ഡലത്തിനും വേണ്ടി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ അദ്ദേഹം ചെയ്ത പ്രവൃത്തികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഞാൻ ചെയ്ത പ്രവൃത്തികളെക്കാൾ മെച്ചമായിരുന്നോയെന്ന് അദ്ദേഹം പറയണം. സ്വന്തം മണ്ഡലത്തിലെ വികസനങ്ങൾ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം വോട്ട് തേടേണ്ടത്. അല്ലാതെ എന്റെ വയസായ പിതാവിനെ അധിക്ഷേപിച്ചിട്ടല്ല', അതിഷി പറഞ്ഞു.
ഡൽഹിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു രമേശ് ബിധുരി അതിഷിയെ അധിക്ഷേപിച്ചത്. അതിഷി തന്റെ അച്ഛനെ മാറ്റിയെന്നായിരുന്നു ബിധുരിയുടെ പ്രസ്താവന. 'ആദ്യം മർലേന എന്നായിരുന്നു അതിഷിയുടെ സർ നെയിം. പിന്നീട് അവർ അത് മാറ്റി സിംഗ് എന്നാക്കി. അഫ്സൽ ഗുരുവിന് ദയാഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയവരാണ് അവരുടെ മാതാപിതാക്കൾ', എന്നായിരുന്നു ബിധുരിയുടെ വിവാദ പ്രസ്താവന.
അതേസമയം ബിധുരിക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചിരുന്നു. 'മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തുകയാണ് ബി ജെ പി നേതാക്കൾ. ഒരു വനിത മുഖ്യമന്ത്രിക്കെതിരായ ഇത്തരം പരാമർശങ്ങൾ ഡൽഹിയിലെ ജനങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ല. ഡൽഹിയിലെ എല്ലാ വനിതകളും ഇതിന് തക്കതായ മറുപടി നൽകുക തന്നെ ചെയ്യും', അരവിന്ദ് കെജ്രിവാൾ പറഞ്ഞു.












Click it and Unblock the Notifications