പ്രണയം നിരസിച്ചു; ഡോക്ടര്‍ക്കെതിരെ ആസിഡ് എറിഞ്ഞത് മറ്റൊരു ഡോക്ടര്‍ക്കുവേണ്ടി
ദില്ലി: ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഡോക്ടര്‍ക്കുനേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍വൈരാഗ്യം മൂലമാണെന്ന് പോലീസ് കണ്ടെത്തി. മൂന്നുവര്‍ഷം മുന്‍പ് മറ്റൊരു ഡോക്ടര്‍ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും ഇയാളുടെ നിര്‍ദ്ദേശപ്രകാരം ഗുണ്ടകള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നെന്നുമാണ് നിഗമനം. സംഭവത്തില്‍ പോലീസ് പിടിയിലായ രണ്ടുപേര്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം പടിഞ്ഞാറന്‍ ദില്ലിയിലെ രജോറി ഗാര്‍ഡനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ചാണ് ഡോക്ടര്‍ക്കുനേരെ ആസിഡ് പ്രയോഗമുണ്ടായത്. സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് പോയ ഹരിനഗര്‍ സ്വദേശിനിയായ ഡോക്ടറെ യാത്രയ്ക്കിടെ ഒപ്പമെത്തിയ ബൈക്കുയാത്രക്കാര്‍ ആസിഡ് എറിയുകയായിരുന്നു. മുഖത്ത് മാരകമായി പൊള്ളലേറ്റ ഡോക്ടറുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ യുവതിയെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരില്‍നിന്നും മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് ബൈക്ക് യാത്രക്കാരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. യുവതിക്ക് നേരെ ആക്രമണം ഉണ്ടായശേഷം അവര്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിക്കുകയുണ്ടായില്ല.
സംഭവത്തിലെ പ്രധാനപ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു. ദില്ലിയിലും പരിസരങ്ങളിലും ആസിഡ് ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായല്ല. സ്ത്രീകളെ അക്രമികള്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പുതുമയുള്ളതല്ല. മിക്ക അക്രമങ്ങളും പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. മുഖം വികൃതമായതോടെ പുറംലോകത്തുനിന്നും അകന്ന് ഒറ്റയ്ക്ക് കഴിയുന്ന ഇവര്‍ ഈയിടെ നടത്തിയ കൂട്ടായ്മ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.












Click it and Unblock the Notifications