കന്നഡ സിനിമാ നടന്‍ വീണുമരിച്ചു
മൈസൂര്‍: കന്നഡ സിനിമാ നടനും ടി വി റിയാലിറ്റി ഷോയിലെ വിജയിയുമായ 28 കാരന്‍ വീണുമരിച്ചു. സ്വന്തം വീട്ടിലെ ടെറസ്സില്‍ നിന്നും താഴേക്ക് വീണാണ് ഇയാള്‍ മരിച്ചത്. രക്തസ്രാവമാകാം മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒരു സ്വകാര്യ ടി വി ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ഹല്ലി ഹൈദ പൈതേഗ് ബണ്ട എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ രാജേഷാണ് സംശയാസ്പദമായ രീതിയില്‍ മരിച്ചത്. രാജേഷ് നായകനായി അഭിനയിച്ച കന്നഡ ചിത്രമായ ജംഗിള്‍ ജാക്കി കഴിഞ്ഞ മാസമാണ് തീയറ്ററുകളിലെത്തിയത്.

അതേസമയം രാജേഷിന്റ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. രാവിലെ ചാമുണ്ടി ഹില്ലില്‍ നിന്നും തിരിച്ചുവരുന്നതിനിടെ കാറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് രാജേഷ് ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ ലക്ഷ്മമ്മ പറഞ്ഞു.
ഫോണില്‍ സംസാരിച്ചുകൊണ്ടാണ് രാജേഷ് ടെറസ്സിലേക്ക് പോയത്. രാജേഷിനെ പിന്തുടര്‍ന്ന് ലക്ഷ്മമ്മയും വീടിന് മുകളിലേക്ക് പോയിരുന്നത്രെ. മകന്‍ ഫോണില്‍ ആരോടോ കയര്‍ത്തു സംസാരിക്കുന്നുണ്ടായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
നന്ദന്‍ പ്രഭു സംവിധാനം ചെയ്ത ലവ് ഇന്‍ പോയിസണ്‍ എന്ന ചിത്രത്തിലും രാജേഷ് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട എന്തോ കാര്യമാണ് രാജേഷിന്റെ വിഷമത്തിന് കാരണം എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.
മൈസൂര്‍ - മാനന്തവാടി റോഡിലുള്ള പരസായിഹന ഹുണ്ടിയിലുള്ള വീട്ടിലാണ് അപകടം ഉണ്ടായത്. രാജേഷ് ആത്മഹത്യ ചെയ്തതാകാം എന്നാണ് വീട്ടുകാരുടെ സംശയം. ഇയാളെ ഒരു വര്‍ഷം മുന്‍പ് മാനസിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മൈസൂരിലെ കെ ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications