ടീസ്റ്റയ്ക്ക് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ചു, ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് ആശ്വാസം. സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഒരാഴ്ചത്തെ ജാമ്യമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് കോടതി എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.
ടീസ്റ്റയുടെ ജാമ്യം അനുവദിക്കുന്നതില്‍ രണ്ടംഗ ബെഞ്ചിന് ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. കേസ് രാത്രി തന്നെ പരിഗണിക്കണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ജാമ്യം അനുവദിക്കാതിരുന്ന ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി നടപടി അത്ഭുതമുണ്ടാക്കുന്നെന്ന പരാമര്‍ശവും ഉണ്ടായി.

സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് അഭയ് എസ് ഒക്ക ടീസ്റ്റയ്ക്ക് ജാമ്യം നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര വിയോജിക്കുകയായിരുന്നു. ഇതോടെ വിധി മൂന്നംഗ ബെഞ്ചിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 2022 ജൂണ്‍ 25ന് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു, സെപ്റ്റബംറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയില്‍ മോചിതയായി. തുടര്‍ന്ന് ജാമ്യ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി എന്നതാണ് ടീസ്റ്റയ്‌ക്കെതിരായ കേസ്. കലാപത്തിനുശേഷം അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് 30 ലക്ഷം രൂപ ടീസ്റ്റ വാങ്ങി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications