മനസ്സും, പൗരത്വവും ഇന്ത്യയാണ്; അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍, നടന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ഇനി ഇന്ത്യ പൗരന്‍. അദ്ദേഹത്തിന് സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പൗരത്വം ലഭിച്ചിരിക്കുകയാണ്. 2019ലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി താരം അപേക്ഷിക്കുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പൗരത്വം ലഭിക്കുന്ന നടപടികള്‍ വൈകിയിരുന്നു. ട്വിറ്ററിലൂടെയാണ് തനിക്ക് പൗരത്വം ലഭിച്ച കാര്യം അക്ഷയ് കുമാര്‍ സ്ഥിരീകരിച്ചത്.
മനസ്സും, പൗരത്വവും ഒരുപോലെ ഹിന്ദുസ്ഥാനിയാണ്, എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനം ആശംസകള്‍, ജയ് ഹിന്ദ് എന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത്. നേരത്തെ കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് അക്ഷയ് കുമാര്‍. മുമ്പ് ബോളിവുഡില്‍ നിറയെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അക്ഷയ് കുമാര്‍ അഭിനയം ഉപേക്ഷിക്കുന്നത് പരിഗണിച്ചിരുന്നു.

അതിന്റെ ഭാഗമായി കാനഡയിലേക്ക് കുടിയേറാനായിരുന്നു തീരുമാനം. അവിടെ ഷെഫായി ജോലി നോക്കാനും ശ്രമിച്ചിരുന്നു. അതിനായിട്ടാണ് കനേഡിയന്‍ പൗരത്വം എടുത്തത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. അടുത്ത കാലത്തായി ബിജെപി സര്‍ക്കാരുമായി അടുപ്പമുള്ളത് കൊണ്ട് പൗരത്വത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ അക്ഷയ് കുമാര്‍ നേരിട്ടിരുന്നു. താനൊരു കനേഡിയന്‍ പൗരനാണെന്നും, ഇന്ത്യക്കാരനല്ലെന്നും ആളുകള്‍ പറയുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ടെന്ന് അക്ഷയ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയാണ് എനിക്കെല്ലാം. ജീവിതത്തില്‍ എന്തൊക്കെ നേടിയിട്ടുണ്ടോ, അതെല്ലാം ഇവിടെ വെച്ചാണ്. കാര്യങ്ങളൊന്നും അറിയാതെ ആളുകള്‍ പലതും പറയുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിഷമം തോന്നുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖവും, അക്ഷയ് കുമാര്‍ പൗരത്വത്തിന് അപേക്ഷിച്ചതുമായി ബന്ധപ്പെടുത്തിയും വിവാദമുണ്ടായിരുന്നു.
പാസ്‌പോര്‍ട്ട് മാറ്റേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ ഇപ്പോഴത് ആവശ്യമായി മാറി. കനേഡിയന്‍ സര്‍ക്കാര്‍ പൗരത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയാല്‍ ഇന്ത്യയില്‍ തനിക്ക് പൗരത്വം ലഭിക്കുമെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഓ മൈ ഗോഡ് 2 വമ്പന്‍ കളക്ഷന്‍ നേടുന്ന സമയത്താണ് അദ്ദേഹത്തിന് പൗരത്വം ലഭിച്ചതെന്നതും നേട്ടത്തിന്റെ മികവ് വർധിപ്പിക്കുന്നു.
2014ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണിത്. ഇതിനോടകം ചിത്രം 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത് കഴിഞ്ഞു. കൊവിഡിന് ശേഷം പുറത്തിറങ്ങിയ മിക്ക അക്ഷയ് കുമാര്‍ ചിത്രങ്ങളും വലിയ പരാജയമായി മാറിയിരുന്നു. താരം വലിയ വിമര്‍ശനങ്ങളും അഭിനയത്തിന്റെ പേരില്‍ നേരിട്ടിരുന്നു. മോശം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗത്തിലൂടെ താരം തിരിച്ചുവന്നിരിക്കുകയാണ്.












Click it and Unblock the Notifications