ചലനമറ്റ് കുളിമുറിയിൽ, നടനും മോഡലുമായ ആദിത്യ സിംഗ് രാജ്പുത് മരിച്ച നിലയില്‍, പോലീസ് അന്വേഷണം
മുംബൈ: നടനും മോഡലുമായ ആദിത്യ സിംഗ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ ആദിത്യയുടെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്നിന്റെ ഓവര്‍ഡോസ് ഉപയോഗം കാരണമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെയാണ് ആദിത്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അറിയപ്പെടുന്ന നടനായ ആദിത്യ സിംഗ് രാജ്പുത് കാസ്റ്റിംഗ് കോര്‍ഡിനേറ്റര്‍ കൂടിയാണ്. അന്ധേരിയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ പതിനൊന്നാം നിലയില്‍ ആയിരുന്നു ആദിത്യ താമസിച്ചിരുന്നത്. സംഭവ ദിവസം ഇവിടെ എത്തിയ സുഹൃത്താണ് ആദിത്യയെ കുളിമുറിയില്‍ ചലനമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് കെട്ടിടത്തിന്റെ വാച്ച്മാന്റെ സഹായത്തോടെ സുഹൃത്ത് ആദിത്യയെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മയക്കുമരുന്ന് അമിതമായ അളവില്‍ ഉപയോഗിച്ചതാകാം മരണകാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ മരണകാരണത്തില്‍ വ്യക്തത വരും. ആദിത്യയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 32കാരനായ ആദിത്യ ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. 17ാം വയസ്സില്‍ ആണ് ആദിത്യ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുളളതാണ് ആദിത്യയുടെ കുടുംബം. എന്നാല്‍ ആദിത്യ ജനിച്ചതും വളര്‍ന്നും ദില്ലിയിലാണ്. സിനിമാ സ്വപ്‌നങ്ങള്‍ സഫലമാക്കാനാണ് മുംബൈയിലേക്ക് താമസം മാറിയത്.
ദില്ലിയിലെ ഗ്രീന്‍ ഫീല്‍ഡ്‌സ് സ്‌കൂളില്‍ ആയിരുന്നു ആദിത്യയുടെ പഠനം. മോഡല്‍ ആയിട്ടാണ് ആദിത്യ കരിയര്‍ ആരംഭിച്ചത്. ക്രാന്തിവീര്‍, മേനേ ഗാന്ധി കോ നഹി മാരാ എന്നിവയാണ് തുടക്കകാല ചിത്രങ്ങള്‍. മുന്നൂറോളം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല സ്പ്‌ളിറ്റ് വില്ല 9 എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇത് കൂടാതെ ആഷിഖി, കോഡ് റെഡ്, ആവാസ് സീസണ്‍ 9, ബാഡ് ബോയ് സീസണ്‍ 4 അടക്കമുളള ടിവി ഷോകളിലും വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications