ഇപ്പോൾ ഇന്ത്യ വിടേണ്ട, നടൻ ഇമ്രാന്‍ ഖാന് താല്‍ക്കാലിക ആശ്വാസം, നവംബർ 2ന് ഹർജി പരിഗണിക്കും
മുംബൈ: ഇന്ത്യ വിടണമെന്നുളള കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസില്‍ ബോളിവുഡ് താരം ഇമ്രാന്‍ ഖാന് താല്‍ക്കാലിക ആശ്വാസം. ഒക്ടോബര്‍ 28നകം ഇന്ത്യ വിടണം എന്നായിരുന്നു നോട്ടീസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഇമ്രാന്‍ ഖാന് നോട്ടീസ് അയച്ചത്.
ഇമ്രാന്‍ ഖാന് ഇന്ത്യന്‍ പൗരനല്ലെന്നും അമേരിക്കന്‍ പൗരത്വമാണ് ഉളളതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിന് പിന്നാലെ നടന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇമ്രാന്റെ ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ രണ്ട് തിങ്കളാഴ്ച 3 മണിയിലേക്ക് ഹൈക്കോടതി മാറ്റി. അത് വരെ ഇമ്രാന്‍ ഖാന് രാജ്യത്ത് തുടരാം.

ഹര്‍ജി നവംബര്‍ 2ന് ഹൈക്കോടതി പരിഗണിക്കുന്നത് വരെ ഇമ്രാന്‍ ഖാന് എതിരെ നടപടിയൊന്നും എടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിജെപി നേതാവായ കിരിത് സോമയ്യ ആണ് ഇമ്രാന്‍ ഖാന് എതിരെ പോലീസില്‍ പരാതിപ്പെട്ടത്. അമേരിക്കന്‍ പൗരനായ ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് ഈ പരാതി ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് എഫ്ആര്‍ആര്‍ഒ ഇമ്മിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025 പ്രകാരം രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഇമ്രാന്‍ ഖാന് നോട്ടീസ് നല്‍കുകയായിരുന്നു. ഈ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാനോ പോകാനോ തുടരാനോ അടക്കമുളളവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഉത്തരവുകളോ നിര്‍ദേശങ്ങളോ നല്‍കാന്‍ സാധിക്കും.
43കാരനായ ഇമ്രാന്‍ ഖാന് അമേരിക്കന്‍ പൗരത്വമുളള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉടമയാണ്. ഒക്ടോബര്‍ 17നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്. രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കൊണ്ട് തനിക്ക് അയച്ച നോട്ടീസ് നിയമവിരുദ്ധവും ഏകപക്ഷീയവും ആണെന്ന് നടന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. മാത്രമല്ല താന്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും സമരം സംഘടിപ്പിച്ചവരുമായി യാതൊരു ബന്ധവും ഇല്ലെന്നും ഇമ്രാന്‍ ഖാന്‍ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് മഹേഷ് ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവടങ്ങിയ ബെഞ്ചാണ് ഇമ്രാന്‍ ഖാന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഇമ്രാന്‍ ഖാന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ എഫ്ആര്‍ആര്‍ഒ മറ്റൊരു നോട്ടീസ് കൂടി നടന് അയച്ചിരുന്നു. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കാതിരിക്കാനുളള കാരണം കാണിക്കല്‍ നോട്ടീസ് ആണ് നടന് ലഭിച്ചത്.


Click it and Unblock the Notifications
