നടന്‍ ഇമ്രാന്‍ ഖാന്‍ വിദേശിയാണോ? നാടുകടത്തണം എന്ന് ബിജെപി, എങ്ങനെ സമരത്തിന്റെ ഭാഗമായി
നടന്‍ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് പിടിയില്‍ ആയിരുന്നു. ഇദ്ദേഹത്തെയും സുഹൃത്തിനെയും പിന്നീട് പോലീസ് വിട്ടയച്ചു. പൗരന്‍ എന്ന നിലയിലും നഗരത്തില്‍ താമസിക്കുന്ന വ്യക്തി എന്ന നിലയിലുമാണ് പ്രതിഷേധം കാണാന്‍ വന്നത് എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ ഇമ്രാന്‍ ഖാനെതിരെ ബിജെപി രംഗത്തുവന്നിരിക്കുകയാണ്. ഇദ്ദേഹത്തെ ഉടന്‍ നാടുകടത്തണം എന്നാണ് ബിജെപി മുന്‍ എംപി കിരിത് സോമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ പോലീസ് വിഷയം ഗൗരവത്തില്‍ എടുക്കണമെന്നും സോമയ്യ ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ ഇദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.

നേരത്തെ മുംബൈയിലും ബെംഗളൂരുവിലും സമരം നടത്തിയ സിജെപി ശനിയാഴ്ച ഡല്‍ഹിയില്‍ സമരം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ശക്തമായ സുരക്ഷ ഒരുക്കിയ ഡല്‍ഹി പോലീസ് സിജെപിയുടെ എല്ലാ നേതാക്കളെയും പ്രതിഷേധം തുടങ്ങുന്നതിന് മുമ്പു തന്നെ കസ്റ്റഡിയില്‍ എടുത്തു. ഈ വേളയില്‍ മുംബൈയിലും പ്രതിഷേധം അരങ്ങേറി. ഇതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വിദേശ പൗരന്‍ എങ്ങനെയാണ് ഇന്ത്യയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുക എന്നാണ് കിരിത് സോമയ്യ ചോദിക്കുന്നത്. മുംബൈ ജോയിന്റ് കമ്മീഷണര്‍ മനോജ് കുമാര്‍ ശര്‍മയ്ക്ക് സോമയ്യ കത്തയച്ചു. ഇമ്രാന്‍ ഖാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാഗമാകാന്‍ ഇമ്രാന്‍ ഖാന് നിയമപരമായി അനുമതിയുണ്ടോ എന്ന് കിരിത് സോമയ്യ ചോദിക്കുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഒരു പൗരന്‍ എന്ന നിലയിലാണ് താന്‍ ഇവിടെ വന്നത്, നഗരത്തില്‍ താമസിക്കുന്ന വ്യക്തി എന്ന നിലയിലും. എന്തുകൊണ്ട് സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കപ്പെട്ടു, ജനങ്ങളുടെ ശബ്ദം അടിച്ചൊതുക്കുന്നു എന്ന് കാണാനാണ് വന്നത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തനിക്ക് ഒരു ആവശ്യവുമില്ല, താന്‍ ഒരു സംഘടനയുടെ ഭാഗവും അല്ല എന്ന് ഖാന്‍ പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ പൗരനാണ് എന്നാണ് ചില ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം യുട്യൂബര്‍ ധ്രുവ് റാഠി ബെംഗളൂരുവിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത വേളയിലും സമാനമായ ആരോപണം ബിജെപി ഉന്നയിച്ചിരുന്നു. ഇദ്ദേഹം ജര്‍മന്‍ പൗരത്വമുള്ള വ്യക്തിയാണ് എന്നാണ് പറയപ്പെടുന്നത്. ധ്രുവ് റാഠിയെ പിന്നീട് ഹരിനായയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച അര്‍ധരാത്രി വിട്ടയക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications
