കോവിഡ് വാക്‌സിന്‍ കങ്കണയില്‍ ആദ്യ പരീക്ഷിക്കണമെന്ന് നടന്‍, നടിയുടെ ട്വിറ്റര്‍ പൂട്ടിക്കാനും ഹര്‍ജി!!
മുംബൈ: കര്‍ഷക സമരത്തിനെതിരെയുള്ള പ്രസ്താവനയില്‍ കങ്കണ റനൗത്തിനെതിരെയുള്ള വിമര്‍ശനം കടുക്കുന്നു. ബോളിവുഡ് താരങ്ങള്‍ കൂടി കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. നടന്‍ ജുനൈദ് ഷെയ്ഖാണ് തുറന്നടിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ ആദ്യം കങ്കണയിലാണ് പരീക്ഷിക്കേണ്ടത്. അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ് പറഞ്ഞു. പരീക്ഷണം ഫലിച്ചാല്‍ വാക്‌സിന്‍ ശരിയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും പരിഹാസ രൂപേണ ജൂനൈദ് ഷെയ്ഖ് പറഞ്ഞു.
ഇതിനിടെ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകന്‍. അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ച്ചയായി വിദ്വേഷം നിറഞ്ഞ ട്വീറ്റുകളാണ് അവര്‍ നടത്തുന്നതെന്നും, രാജ്യത്തെ മതസൗഹാദര്‍ അന്തരീക്ഷം ഇത് ഇല്ലാതാക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. രാജ്യത്തെ വിഭജിക്കാനാണ് അവരുടെ ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ട്വിറ്ററിനെ കക്ഷി ചേര്‍ത്തിട്ടുണ്ട്.
പല തവണ കങ്കണ നടത്തിയ വിദ്വേഷ ട്വീറ്റുകളെയും ഈ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. നേരത്തെ കര്‍ഷക സമരം നടത്തുന്ന മുത്തശ്ശിയെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്ന ബില്‍ക്കിസ് ബാനോ എന്ന പ്രായമായ സ്ത്രീയാണെന്ന് കങ്കണ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയായിരുന്നു ഈ പരാമര്‍ശം. ഷഹീന്‍ബാഗിലെ സ്ത്രീ നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകുമെന്നും കങ്കണ പറഞ്ഞിരുന്നു. പഞ്ചാബിലെ സിരക്പൂരിലുള്ള അഭിഭാഷകന്‍ ഇതില്‍ അവര്‍ക്ക് മറ്റൊരു വക്കീല്‍ നോട്ടീസും അയച്ചു. കങ്കണ മാപ്പുപറയണമെന്ന് ആവശ്യം.
പഞ്ചാബിലെ പ്രമുഖ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിര്‍സയും കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ അവര്‍ മാപ്പ് പറയണമെന്ന് മഞ്ജീന്ദര്‍ പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ പഞ്ചാബി സൂപ്പര്‍ താരം ദില്‍ജിത്ത് ദോഷഞ്ജും കങ്കണയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കങ്കണയ്ക്ക് എങ്ങനെ പഞ്ചാബിന്റെ അമ്മമാരെ അപമാനിക്കാന്‍ തോന്നിയെന്ന് ദില്‍ജിത്ത് ചോദിച്ചു. എന്നാല്‍ കരണ്‍ ജോഹറിന്റെ അടുപ്പക്കാരനാണ് നീയെന്നായിരുന്നു മറുപടി. ചോദിച്ചതിന് ഉത്തരം പറയാന്‍, തലയ്ക്കുള്ളില്‍ ഒന്നുമില്ല, ബോളിവുഡിനെ വിരട്ടാം, ഒരു പഞ്ചാബിയെയും അതിന് കിട്ടില്ലെന്നും ദില്‍ജിത്ത് തുറന്നടിച്ചു.