നടന്‍ മഹേഷ് ബാബു കുരുക്കില്‍; രണ്ടര കോടിയില്‍ അന്വേഷണം, സുപ്രധാന രേഖ വില്ലന്‍, ഇഡി വിളിച്ചു
ഹൈദരാബാദ്: തെലുഗ് സൂപ്പര്‍ താരം മഹേഷ് ബാബു കുരുക്കില്‍. അടുത്ത കാലത്ത് നടത്തിയ സാമ്പത്തിക ഇടപാടാണ് നടന് പുലിവാലായത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) മഹേഷ് ബാബുവിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 27ന് ഹൈദരാബാദ് ഓഫീസില്‍ ഹാജരാകണം എന്നാണ് ആവശ്യം.
അവധി ആഘോഷത്തിന്റെ ഭാഗമായി റോമിലായിരുന്നു മഹേഷ് ബാബുവും കുടുംബവും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാനിരിക്കെയാണ് മഹേഷ് ബാബുവിന് കുരുക്കായി ഇഡിയുടെ നോട്ടീസ്. അടുത്തിടെ ഇഡി നടത്തിയ റെയ്ഡിലാണ് മഹേഷ് ബാബുവിന്റെ പണമിടപാട് സംബന്ധിച്ച വിവരം ലഭിച്ചതത്രെ.

ഹൈദരാബാദില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ചില ദുരൂഹതകളുണ്ട് എന്നാണ് ഇഡി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സായ് സൂര്യ ഡവലപ്പേഴ്‌സ്, സുരാന ഗ്രൂപ്പ് എന്നീ കമ്പനികളില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പിടിച്ചെടുത്ത രേഖകളില്‍ നടന്‍ സുരേഷ് ബാബുവുമായി ബന്ധപ്പെട്ട പണമിടപാട് രേഖയും ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.
പ്രതിഫലം കിട്ടിയത് 5.9 കോടി
റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ പ്രൊമോഷനില്‍ മഹേഷ് ബാബു പങ്കെടുത്തിരുന്നു. ഇതിന് പ്രതിഫലമായി 5.9 കോടി രൂപ മഹേഷ് ബാബുവിന് ലഭിച്ചുവെന്നും 3.4 കോടി ചെക്ക് ആയും രണ്ടര കോടി പണമായുമാണ് നടന്‍ സ്വീകരിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പണമായി ഇത്രയും ഉയര്‍ന്ന തുക സ്വീകരിക്കാന്‍ പാടില്ല. ഇക്കാര്യത്തിലാണ് പുതിയ അന്വേഷണം.
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ചില തിരിമറികള്‍ നടത്തിയെന്നും ഇഡി സംശയിക്കുന്നുണ്ട്. ഭാഗ്യനഗര്‍ പ്രൊപ്പര്‍ട്ടീസ് ലിമിറ്റഡ് ഡയറക്ടര്‍ നരേന്ദ്ര സുരാന, സായ് സൂര്യ ഡവലപ്പേഴ്‌സ് പ്രൊപ്പറേറ്റര്‍ കെ സതീഷ് ചന്ദ്ര ഗുപ്ത തുങ്ങിയ ഏതാനും പേര്‍ക്കെതിരെ തെലങ്കാന പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇഡി പരിശോധിക്കുന്നത്.
ഒരേ സ്ഥലം പലതവണ വിറ്റു
കണ്ണായ സ്ഥലം ഒന്നിലധികം തവണ വ്യാജ രേഖയുണ്ടാക്കി വില്‍പ്പന നടത്തി കോടികള്‍ നേടി എന്നാണ് കമ്പനികള്‍ക്കെതിരായ ആരോപണം. ഒരേ സ്ഥലം കാണിച്ച് പലരില്‍ നിന്നായി അഡ്വാന്‍സ് തുക വാങ്ങിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇടപാടില്‍ കൃത്യമായ രേഖ തയ്യാറാക്കിയില്ലെന്നും പറയപ്പെടുന്നു. ഇതുവഴി നിരവധി നിക്ഷേപകര്‍ക്ക് പണം നഷ്ടമായി. തുടര്‍ന്നാണ് പോലീസ് ഇടപെടലുണ്ടായത്.
സായ് സൂര്യയുടെ പ്രൊജക്ടിന് മഹേഷ് ബാബു നല്‍കിയ പിന്തുണ നിരവധി പേരെ ആകര്‍ഷിക്കാനും നിക്ഷേപം ഇറക്കാനും പ്രേരിപ്പിച്ചു എന്നാണ് കണ്ടെത്തല്‍. താരത്തിന് തട്ടിപ്പില്‍ പങ്കില്ലെങ്കിലും രേഖയില്ലാത്ത പണമിടപാടാണ് കുരുക്കായത്. നിയമവിരുദ്ധമായി സ്വീകരിച്ച പണമാണ് താരം കൈപ്പറ്റിയതെങ്കില്‍ ഈ പണം നഷ്ടമായേക്കും.
ഏപ്രില്‍ 16ന് ഇഡി നടത്തിയ റെയ്ഡില്‍ പണമിടപാട് സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയിരുന്നു. സൂര്യ ഗ്രൂപ്പിന്റെ മേധാവി നരേന്ദ്ര സുരാന, സായ് സൂര്യ ഡവലപ്പേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഓഫീസിലും വീടുകളിലുമായിരുന്നു പരിശോധന. 100 കോടി രൂപയുടെ ഇടപാട് ഉള്‍പ്പെടെ സംശയകരമാണെന്നും ഇതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റെയ്ഡില്‍ 75 ലക്ഷം രൂപയും കണ്ടെത്തിയിരുന്നുവത്രെ.
കള്ളപ്പണം ഉപയോഗിച്ച് വസ്തു ഇടപാട് നടന്നുവെന്ന് വ്യക്തമായാല്‍ ഇവ കണ്ടുകെട്ടിയേക്കും. കോടതി നടപടികള്‍ കൂടി പൂര്‍ത്തിയായ ശേഷം മാത്രമേ ഈ വസ്തുവില്‍ തുടര്‍ ഇടപാടുകള്‍ സാധ്യമാകൂ. അതേസമയം, മഹേഷ് ബാബുവിന് പണമായി ലഭിച്ച രണ്ടര കോടി രൂപ എന്തു ചെയ്തു, എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച അന്വേഷണവും നടക്കും. താരത്തിന്റെ പ്രതികരണം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍.












Click it and Unblock the Notifications