നടന്‍ മനോബാല അന്തരിച്ചു; വിട വാങ്ങിയത് തമിഴ് സിനിമയിലെ ഹാസ്യം നിറഞ്ഞ മുഖം
ചെന്നൈ: പ്രമുഖ തമിഴ് നടന്‍ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികില്‍സയിലായിരുന്നു. അല്‍പ്പ സമയം മുമ്പാണ് മരിച്ചത്. നടനും സംവിധായകനുമാണ് മനോബാല. കഴിഞ്ഞ രണ്ടാഴ്ചയായി ചെന്നൈയിലെ വസതിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹം അനുഭവിക്കുന്നുണ്ട്.
മനോബാലയുടെ വിയോഗ വാര്‍ത്ത തമിഴ് സിനിമാ ലോകത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വൈകാതെ ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ 35 വര്‍ഷമായി സിനിമാ രംഗത്തുള്ള മനോബാല ഹാസ്യതാരമായിട്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

450ലധികം സിനിമകളില്‍ വേഷമിട്ട നടനാണ് മനോബാല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനോബാല നേരിട്ടിരുന്നുവത്രെ. ചെന്നൈ സലിഗ്രാമമിലെ എല്‍വി പ്രസാദ് റോഡിലുള്ള വസതിയിലാണ് ഭൗതിക ശരീരമുള്ളത്. മനോബാലയുടെ വിയോഗ വിവരം നടനും സംവിധായകനുമായ ജിഎം കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ആദ്യം പരസ്യമാക്കിയത്.
പ്രമുഖ സംവിധായകന്‍ ഭാരതി രാജയുടെ സഹായിയായി സിനിമാ മേഖലയില്‍ എത്തിയ വ്യക്തിയാണ് മനോബാല. 1982ല്‍ ആഗയാ ഗംഗ എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. 2000ത്തിന് ശേഷമാണ് തമിഴ്‌സിനിമയിലെ ജനപ്രിയ ഹാസ്യതാരമായി മാറിയത്. പിതാമഹന്‍, ചന്ദ്രമുഖി, തുപ്പാക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications