ആന്ധ്ര രാഷ്ട്രീയം മാറുന്നു; നായിഡുവിന് കൈ കൊടുത്ത് പവന്‍ കല്യാണ്‍, കൂടെ നന്ദമൂരി ബാലകൃഷ്ണയും
ഹൈദരാബാദ്: തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ആന്ധ്ര പ്രദേശില്‍ രാഷ്ട്രീയ രംഗം പ്രവചനാതീതമാകുന്നു. അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു. ജയിലിലെത്തി നായിഡുവിനെ കണ്ട ശേഷമാണ് പവന്‍ കല്യാണിന്റെ പ്രഖ്യാപനം.
നായിഡുവിന്റെ മകന്‍ നാരാ ലോകേഷ്, ബന്ധുവും ഹിന്ദുപൂര്‍ എംഎല്‍എയുമായ നന്ദമൂരി ബാലകൃഷ്ണ എന്നിവരും പവന്‍ കല്യാണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നന്ദമൂരി ബാലകൃഷ്ണയോട് പവന്‍ കല്യാണിനൊപ്പം നില്‍ക്കാന്‍ ചന്ദ്രബാബു നായിഡു ജയിലില്‍ വച്ച് നിര്‍ദേശം നല്‍കിയെന്നാണ് വാര്‍ത്തകള്‍. ഇതോടെ മുഖ്യമന്ത്രി ജഗന്‍ റെഡ്ഡിക്കെതിരെ ശക്തമായ മുന്നേറ്റത്തിന് സാധിക്കുമെന്നാണ് നായിഡുവിന്റെ വിശ്വാസം.

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് ആഘോഷിക്കുന്ന നടി റോജയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആന്ധ്ര പ്രദേശ് മന്ത്രി കൂടിയാണ് റോജ. ജഗന്‍ റെഡ്ഡിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ജയ് വിളിച്ചുകൊണ്ടാണ് റോജയ്‌ക്കൊപ്പം അണികളെ വീഡിയോയില്‍ കാണുന്നത്. നായിഡുവിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.
ജഗന്‍ റെഡ്ഡി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ജഗനെതിരെ ശക്തമായ രാഷ്ട്രീയ നീക്കത്തിന് അവസരം കാത്തിരിക്കുകയാണ് നായിഡു. ഈ വേളയിലാണ് നടന്‍ പവന്‍ കല്യാണ്‍ സഖ്യസാധ്യത തേടുന്നും ധാരണയിലെത്തിയതും. ഇനി ഞങ്ങള്‍ ഒരുമിച്ച് നീങ്ങുമെന്ന് പവന്‍ കല്യാണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് നീതിയല്ല. ജനസേനയും ടിഡിപിയും സഖ്യം ചേര്‍ന്ന് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. വരുന്ന ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ട് പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കും. ജനസേനയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല സഖ്യമുണ്ടാക്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശിന്റെ വിജയത്തിനാണെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ ആദ്യം രംഗത്തുവന്ന നേതാവ് കൂടിയാണ് പവന്‍ കല്യാണ്‍. പിന്നീടാണ് രജനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തുവന്നത്. എന്നാല്‍ രജനികാന്ത് എന്തുകൊണ്ട് കള്ളന്മാര്‍ക്കൊപ്പം നില്‍ക്കുന്നു എന്നാണ് മുന്‍കാല നടിയും മന്ത്രിയുമായ റോജ ചോദിച്ചത്. ആന്ധ്ര രാഷ്ട്രീയം കലങ്ങിമറിയുന്ന കാഴ്ചയാണിപ്പോള്‍.
ദിവസങ്ങള്‍ക്ക് മുമ്പാണ് അഴിമതി വിരുദ്ധ വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. 371 കോടിയുടെ അഴിമതിയില്‍ പങ്കുണ്ട് എന്നാരോപിച്ചാണ് അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തെ കോടതി റിമാന്റ് ചെയ്തു. അപ്പീല്‍ സ്വീകരിച്ച ഹൈക്കോടതി തിങ്കളാഴ്ചയ്ക്ക് ശേഷമേ വിഷയം പരിശോധിക്കുകയുള്ളൂ. നിലവില്‍ രാജമുണ്‍ട്രി ജയിലിലാണ് നായിഡു.
പവന്‍ കല്യാണും നന്ദമൂരി ബാലകൃഷ്ണയും ഇന്ന് രാവിലെ നായിഡുവിനെ ജയിലിലെത്തി കണ്ടു. അടുത്ത വര്‍ഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതോടൊപ്പമായിരിക്കും ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും. ജഗന്റെ പാര്‍ട്ടിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രണ്ട് താരങ്ങളും മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications