പ്രകാശ് രാജ് ബിആർഎസിലേക്ക്? രണ്ടും കൽപ്പിച്ച് കെസിആർ..സുപ്രധാന ചുമതല നൽകിയേക്കും
ബെംഗളൂരു: ബി ജെപിയുടെ നിരന്തര വിമർശകനായ നടൻ പ്രകാശ് രാജ് കെ ചന്ദ്രേശഖര റാവുവുമായി കൈകോർക്കുന്നു? ദേശീയ പാര്‍ട്ടിയായി മാറുന്നതിനായുള്ള കെ സി ആറിന്റെ ശ്രമങ്ങളുടെ ആദ്യപടി എന്ന നിലയില്‍ ബി ആര്‍ എസ് ( ഭാരത് രാഷ്ട്ര സമിതി) കർണാടകയിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയേക്കുമെന്നും പ്രകാശ് രാജ് ആ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഹൈദരാബാദ് കർണാടക മേഖലയിലെ തെലുങ്കർക്ക് ഗണ്യമായ സാന്നിധ്യമുള്ള ഏകദേശം മൂന്ന് ഡസനോളം മണ്ഡലങ്ങൾ ലക്ഷ്യം വെച്ചാണ് റാവുവും പാർട്ടിയും ഇറങ്ങുന്നത്. ജെ ഡി എസിനെയാകും കെസിആർ പിന്തുണച്ചേക്കുക.

എച്ച്ഡി കുമാരസ്വാമിയുമായി അടുത്ത ബന്ധം കെസിആറിനുണ്ട്. ദേശീയ പാർട്ടി പ്രഖ്യാപന വേളയിൽ പരിപാടിയിൽ പങ്കെടുത്ത ഏക പ്രതിപക്ഷ നേതാവും കുമാരസ്വാമിയായിരുന്നു. കർണാടകയിൽ സ്വീകാര്യതയുള്ള പ്രകാശ് രാജിനെ കൂടി ഇറക്കി മേഖലയിൽ നേട്ടം കൊയ്യാനാണ് കെസിആറിന്റെ ആലോചന. നടനുമായി ഇത് സംബന്ധിച്ച് കെസിആർ ചർച്ച നടത്തുകയാണെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

'പ്രകാശ് രാജിന് സുപ്രധാനമായ ചുമതല നൽകിയേക്കുമെന്നാണ് വിവരം. എന്നാൽ എന്ത് പദവി നൽകുമെന്ന് വ്യക്തമല്ല അദ്ദേഹത്തെ മഹാരാഷ്ട്രയോ അല്ലെങ്കിൽ കർണായകയിലോ പാർട്ടിയുടെ കോർഡിനേറ്റർ ആയി ചുമതല നൽകാനാണ് ആലോചന', നേതാക്കൾ പറഞ്ഞു. അടുത്തിടെ കെസിആറുമായി നിരവധി പരിപാടികളിൽ പ്രകാശ് രാജ് ഒന്നിച്ച് പങ്കെടുത്തിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം കെസിആറിനെ കുറിച്ചുള്ള ഒരു ട്വിറ്റും നടൻ പങ്കുവെച്ചിരുന്നു. 'നല്ല നാളെയെ കുറിച്ച് വീക്ഷണമുള്ള നേതാവ്, നന്ദി കെസിആർ ഗാരു', എന്നായിരുന്നു പ്രകാശ് രാജ് കുറിച്ചത്.

അതേസമയം 2019 ൽ കെസിആർ മൂന്നാം മുന്നണി സാധ്യത ചർച്ചകളുമായി കളം നിറഞ്ഞപ്പോൾ അന്ന് അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയായിരുന്ന പ്രകാശ് രാജ്. അന്ന് ജെഡിയു തലവൻ എച്ച്ഡി ദേവഗൗഡയുമായി കെസിആർ നടത്തിയ കൂടിക്കാഴ്ചയിൽ പ്രകാശ് രാജും ഭാഗമായിരുന്നു. ബദൽ മുന്നണി രൂപീകരിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ കെസിആർ ഈ വർഷമാദ്യം മുംബൈയിൽ വച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന (യുഎസ്ടി) നേതാവുമായ ഉദ്ധവ് താക്കറെയെ കണ്ടപ്പോഴും പ്രകാശ് രാജ് ഒപ്പമുണ്ടായിരുന്നു. ഇത്തരത്തിൽ കെസിആറിനൊപ്പം പ്രകാശ് രാജിനെയും കണ്ട് തുടങ്ങിയതോടെ നടന് വേണ്ടി വലിയതെന്തോ കെസിആർ കരുതിവെച്ചിട്ടുണ്ടെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മൂന്നാം മുന്നണി ചർച്ചകൾ അവസാനിച്ചതോടെ നടനെ സംബന്ധിച്ചുള്ള ചർച്ചകളും അവസാനിച്ചു.

ഇപ്പോൾ വീണ്ടും ദേശീയ മോഹവുമായി കെസിആർ രംഗത്തിറങ്ങിയതോടെയാണ് പ്രകാശ് രാജും വാർത്തകളിൽ നിറയുന്നത്. അതേസമയം ഉടൻ തന്നെ കെസിആറും പ്രകാശ് രാജും കൂടിക്കാഴ്ച നടത്തുമെന്നും നടന്റെ താത്പര്യം കൂടി പരിഗണിച്ച് കൊണ്ടുള്ള ചുമതല കെസിആർ അദ്ദേഹത്തിന് നൽകുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ ലോക്സഭ സീറ്റിൽ നിന്നും പ്രകാശ് രാജ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. അന്ന് ബി ജെ പിയുടെ പിസി മോഹനോട് പരാജയം രുചിച്ചു. അതേസമയം കർണാടകയിൽ പ്രകാശ് രാജിനെ ഇറക്കിയാലും വലിയ നേട്ടം കെസിആറിന്റെ പാർട്ടിക്ക് ഉണ്ടാക്കാൻ സാധിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസും ബി ജെ പിയും തുല്യശക്തികളായി തുടരുന്ന സംസ്ഥാനത്ത് മറ്റ് പാർട്ടികൾക്ക് സ്ഥാനമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications