പ്രകാശ് രാജും ബിജെപിയിലേക്ക്, 3.30 ന് അംഗത്വം സ്വീകരിക്കും': ഉഗ്രന്‍ മറുപടിയുമായി താരം
ചെന്നൈ: ബി ജെ പിക്കും സംഘപരിവാറിനുമെതിരെ അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് നടന്‍ പ്രകാശ് രാജ്. തന്റെ നിലപാടുകള്‍ നിരവധി വേദികളില്‍ അദ്ദേഹം തുറന്ന് പറയുന്നു. എന്നാല്‍ ഇതിനിടയിലാണ് വളരെ അപ്രതീക്ഷിതമായി "പ്രകാശ് രാജ് ബി ജെ പിയിലേക്ക്" എന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. 24 മണിക്കൂർ മുമ്പ് വരെ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച ബോക്സർ വിജേന്ദർ സിങ്ങ് കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്ന പശ്ചാത്തലത്തില്‍ പ്രകാശ് രാജുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കും വലിയ പ്രധാന്യം ലഭിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രകാശ് രാജ് ബി ജെപിയില്‍ ചേർന്നേക്കുമെന്നായിരുന്നു അഭ്യൂഹം. 'പ്രകാശ് രാജ് ഇന്ന് മൂന്ന് മണിക്ക് ബി.ജെ.പിയില്‍ ചേരും' എന്നായിരുന്നു ദ സ്കിൻ ഡോക്ടർ എന്ന പേരിലുള്ള അക്കൗണ്ടിൽ വന്ന പോസ്റ്റ്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റിന് മറുപടിയുമായി പ്രകാശ് രാജ് രംഗത്ത് വന്നു.

'അവര്‍ അതിന് ശ്രമിച്ചെന്ന് കരുതുന്നു. എന്നാല്‍ എന്നെ വാങ്ങാന്‍ തക്ക (പ്രത്യയശാസ്ത്രപരമായി) അവര്‍ സമ്പന്നരല്ലെന്ന് മനസ്സിലാക്കിയിരിക്കണം. നിങ്ങൾ എന്താണ് ചിന്തിക്കുന്നത് സുഹൃത്തുക്കളെ' -പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു. ചിരി ഇമോജികള്‍ അടക്കം കൂടിയായിട്ടായിരുന്നു പ്രകാശ് രാജിന്റെ മറുപടി.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന പ്രകാശ് രാജ് ബി ജെ പിയുടേയും കേന്ദ്ര സർക്കാറിന്റേയും കടുത്ത വിമർശകന്‍ എന്ന രീതിയില്‍ അവരുടെ നോട്ടപ്പുള്ളി കൂടിയാണ്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ പ്രണവ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു പ്രകാശ് രാജ്.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട വ്യക്തി കൂടിയാണ് പ്രകാശ് രാജ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയാകാൻ 'മൂന്ന് രാഷ്ട്രീയ പാർട്ടികൾ' തനിക്ക് പിന്നാലെയുണ്ടെന്ന് ജനുവരിയില്‍ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രകാശ് രാജ് പറഞ്ഞിരുന്നു.












Click it and Unblock the Notifications