പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ നടൻ രാജേഷ് ശർമ്മയ്ക്ക് വിഷ പ്രാണിയുടെ കടിയേറ്റു; താരം ഐസിയുവിൽ
ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'ഫൗജി'യുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് നടൻ രാജേഷ് ശർമ്മയ്ക്ക് വിഷ പ്രാണിയുടെ കടിയേറ്റു. ഉടൻ തന്നെ നടനെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐ.സി.യുവിലാണ് താരം. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ വെച്ചായിരുന്നു സംഭവം.
സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിന് ശേഷം സെറ്റിലെ സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് രാജേഷ് ശർമ്മയുടെ വലതുകാലിൽ വിഷമുള്ള വണ്ട് കടിച്ചത്. ആദ്യം സാധാരണ വണ്ടാണെന്ന് കരുതി താരം ഇത് അവഗണിക്കുകയായിരുന്നു. എന്നാൽ ആറ് മണിക്കൂറിനുള്ളിൽ കാര്യങ്ങൾ കൈവിട്ടുപോയി. അസഹനീയമായ വേദനയും കടുത്ത പനിയും അനുഭവപ്പെടുകയായിരുന്നു.

സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ താരം ഉടൻ തന്നെ ഹൈദരാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് എമർജൻസി ഫ്ലൈറ്റിൽ യാത്ര തിരിച്ചു. എന്നാൽ വിമാനയാത്രയ്ക്കിടെ ആരോഗ്യം കൂടുതൽ വഷളായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബ്ലഡ് ഷുഗർ) അസാധാരണമായി ഉയർന്നതിനെ തുടർന്ന് ശ്വാസതടസ്സവും നേരിട്ടു.
കൊൽക്കത്തയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ താരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാലിൽ നിന്നുള്ള ഇൻഫെക്ഷൻ മുട്ടുവരെ പടർന്നിട്ടുണ്ടെന്നും കടുത്ത പനി ഇതുവരെ കുറഞ്ഞിട്ടില്ലെന്നുമാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേക ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. താരം ഇപ്പോഴും ക്രിട്ടിക്കൽ അവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.












Click it and Unblock the Notifications