നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസ്; വിധി വന്നത് വീരപ്പന്‍ കൊല്ലപ്പെട്ട ശേഷം, അപ്പീല്‍ തള്ളി
ചെന്നൈ: കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 9 പ്രതികളെ വെറുതെവിട്ട വിധി മദ്രാസ് ഹൈക്കോടതി ശരിവച്ചു. 2000ത്തില്‍ ആണ് കേസിന് ആസ്പദമായ സംഭവം. 2018ലാണ് വിധി വന്നത്. ഇന്നാണ് അപ്പീലില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. കാല്‍നൂറ്റാണ്ടോളം ഒരു കേസ് നടപടികള്‍ തുടര്‍ന്നു എന്നതു എടുത്തു പറയണം.
ഈറോഡ് ജില്ലയിലെ തലവാഡിയിലുള്ള തോട്ടകജനൂരിലെ ഫാംഹൗസില്‍ താമസിക്കുന്ന വേളയിലാണ് നടന്‍ രാജ്കുമാറിനെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്. 2000 ജൂലൈ 30നായിരുന്നു സംഭവം. മോചിപ്പിക്കാനുള്ള ശ്രമം മാസങ്ങളോളം നീണ്ടു. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ മധ്യസ്ഥരെ വച്ച് ചര്‍ച്ച നടത്തി. നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം 108 ദിവസം കഴിഞ്ഞാണ് വീരപ്പന്‍ സമവായത്തിന് വഴങ്ങിയതും നടനെ വിട്ടയച്ചതും.

അക്കാലത്ത് ഏറ്റവും ചര്‍ച്ചയായ കേസ് ആയിരുന്നു രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകല്‍. തലവാഡി പോലീസ് കേസെടുത്തു. വീരപ്പനെ കൂടാതെ സേതുകുലി ഗോവിന്ദന്‍, ചന്ദ്രഗൗഡ, മല്ലു, രമേശ്, ഗോവിന്ദരാജ്, അന്‍ഡ്രില്‍, പസുവണ്ണ, പുട്ടുസ്വാമി, കല്‍മാണ്ടി രാമന്‍, മാരന്‍, സെല്‍വന്‍, അമൃതലിംഗം, നാഗരാജ് തുടങ്ങിയ 14 പേര്‍ ആയിരുന്നു കേസിലെ പ്രതികള്‍.
വീരപ്പന്‍ ഒഴികെ മറ്റു ചില പ്രതികളെ കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഗോപിചെട്ടിപാളയം മൂന്നാം സെഷന്‍സ് കോടതിയിലായിരുന്നു വിചാരണ. കുറ്റപത്രം സമര്‍പ്പിച്ചത് 2004ലാണ്. അതിന് മുമ്പ് വീരപ്പനെയും രണ്ടു സഹായികളെയും പ്രത്യേക ദൗത്യസേന വെടിവച്ച് കൊന്നു. സേതുകുലി ഗോവിന്ദന്‍, ചന്ദ്രഗൗഡ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.
പ്രതികളെ വെറുതെ വിടാന്‍ കാരണം ഇതാണ്
മല്ലു പിന്നീട് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. രമേശ് ഒളിവില്‍ പോയി. ബാക്കി ഒമ്പത് പേരാണ് കേസില്‍ വിചാരണ നേരിട്ടത്. 18 വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം 2018ല്‍ കോടതി ഒമ്പതു പേരെയും വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് ജഡ്ജി മണി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
വീരപ്പനും മറ്റു പ്രതികളും തമ്മില്‍ ബന്ധമുണ്ട് എന്നതിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല. നടന്‍ രാജ്കുമാറിന്റെയും ഭാര്യ പാര്‍വതിയമ്മാളിന്റെയും മൊഴി എടുത്തിരുന്നില്ല. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പോയവരുടെ മൊഴിയും അന്വേഷണ സംഘം എടുത്തില്ല തുടങ്ങിയ കാര്യങ്ങളാണ് കോടതി പ്രതികളെ വെറുതെവിടുന്നതിന് ചൂണ്ടിക്കാട്ടിയത്.
വിചാരണ കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ജസ്റ്റിസുമാരായ പി വേല്‍മുരുകന്‍, എം ജ്യോതിരാമന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. വിചാരണ കോടതി വിധി ശരിവെക്കുകയാണ് ഇന്ന് ഹൈക്കോടതി ചെയ്തത്. സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. പോലീസ് മതിയായ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു.












Click it and Unblock the Notifications