അതുകൊണ്ടാണ് രാഹുല്‍ ബേക്കറിയിലും ഹോട്ടലിലും കയറുന്നത്.. ജെനുവിന്‍ ആയിട്ടുള്ള മനുഷ്യന്‍; രമേഷ് പിഷാരടി
മൂന്ന് മണിക്കൂറോളം രാഹുല്‍ ഗാന്ധിക്കൊപ്പം ഞാനും നടന്നു

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ കൂടെ ഭാരത് ജോഡോ യാത്രക്കൊപ്പം നടന്ന അനുഭവം പങ്ക് വെച്ച് നടനും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ രമേഷ് പിഷാരടി. രാഹുല്‍ ഗാന്ധി എറണാകുളത്തെത്തിയ സമയത്ത് ചില തിരക്കുകള്‍ കാരണം തനിക്ക് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല എന്ന് രമേഷ് പിഷാരടി പറയുന്നു. ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കാണുന്നതിലുപരി ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനാണ് താന്‍ ആഗ്രഹിച്ചത് എന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
അതിനാലാണ് മലപ്പുറത്ത് ഭാരത് ജോഡോ യാത്ര എത്തിയപ്പോള്‍ അവിടേക്ക് പോയത്. അങ്ങനെ മലപ്പുറത്തെ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്ക് ചേര്‍ന്നു എന്നും ഏകദേശം മൂന്ന് മണിക്കൂറോളം രാഹുല്‍ ഗാന്ധിക്കൊപ്പം താനുണ്ടായിരുന്നു എന്നും രമേഷ് പിഷാരടി ഓര്‍ത്തു. ഈ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഏറെ നേരം സംസാരിച്ചു എന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

മികച്ച അനുഭവം
തന്റെ കുടുംബം, ജോലി എന്നിവയെ കുറിച്ചെല്ലാം രാഹുല്‍ ഗാന്ധി ചോദിച്ചെന്ന് രമേഷ് പിഷാരടി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചു. അതോടൊപ്പം ഒരു കലാകാരന്‍ എന്ന രീതിയിലും പല കാര്യങ്ങളും എന്നോട് ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ ഇരുവശങ്ങളിലേയും ആളുകളെ രാഹുല്‍ ഗാന്ധി അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു എന്നും രമേഷ് പിഷാരടി പറഞ്ഞു.

പിഷാരടി വ്യായാമം ചെയ്യാറുണ്ടോയെന്ന് രാഹുല്‍
ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വേഗം അമ്പരപ്പിച്ചെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. കുറേ നേരമായി നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും സാമാന്യം നല്ല വേഗതയില്‍ നടക്കുന്നുണ്ടല്ലോ എന്ന് താന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു എന്നും രമേഷ് പിഷാരടി പറഞ്ഞു. അപ്പോള്‍ എന്നോട് വ്യായാമം ചെയ്യാറുണ്ടോ എന്നായിരുന്നു രാഹുല്‍ തിരിച്ചു ചോദിച്ചത് എന്ന് രമേഷ് പിഷരാടി പറയുന്നു.

വേഗത്തിന് പിന്നിലെ രഹസ്യം
വ്യായാമം ചെയ്യാറുണ്ടെന്നും നടക്കാറുണ്ടെന്നും പറഞ്ഞപ്പോള്‍ ഈ നടത്തമെല്ലാം കഴിഞ്ഞ് വൈകീട്ട് വ്യായാമം കൂടി കഴിഞ്ഞാണ് താന്‍ കിടക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് എന്നും രമേഷ് പിഷാരടി പറഞ്ഞു. അത് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും താരം പറഞ്ഞു. ഒരു ദേശീയ നേതാവ് എന്നതിനപ്പുറം ജെനുവിന്‍ ആയിട്ടുള്ള മനുഷ്യനാണ് രാഹുല്‍ ഗാന്ധി എന്നും പിഷാരടി വ്യക്തമാക്കി.

ബേക്കറിയാത്രയെന്ന പരിഹാസം
രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ ബേക്കറിയാത്ര എന്നൊക്കെ പറഞ്ഞ് ആളുകള്‍ കളിയാക്കിയതിലും പിഷാരടി പ്രതികരിച്ചു. വലിയ സുരക്ഷയുള്ള ആളായതിനാല്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച കടയില്‍ പോകുന്നത് സുരക്ഷയ്ക്ക് വലിയ വിഷയമാകും എന്നും അത് ഒഴിവാക്കാനാണ് യാത്രക്കിടെ കാണുന്ന കടയില്‍ കയറി ഭക്ഷണം കഴിക്കുന്നത് എന്നും പിഷാരടി പറഞ്ഞു. 10 മിനിറ്റ് മുന്‍പായിരിക്കും രാഹുല്‍ തന്റെ ഹോട്ടലില്‍ കഴിക്കാന്‍ എത്തുന്നത് ഹോട്ടലുടമ പോലും അറിയുന്നത് എന്നും പിഷാരടി പറഞ്ഞു.












Click it and Unblock the Notifications