കോടതിയിലെത്തി രവി മോഹനും ആരതിയും; ഒരുമിച്ച് കൂടേ എന്ന് ജഡ്ജി: പക്ഷേ, ആരതി ആവശ്യപ്പെട്ടത്
സിനിമാ മേഖലയില്‍ വിവാഹമോചന വാര്‍ത്തകള്‍ പുത്തരിയല്ല. എങ്കിലും അതില്‍ ഉള്‍പ്പെട്ടവര്‍ നായക നടനോ നടിയോ ഒക്കെ ആണെങ്കില്‍ ആരാധകരുടെ ആകാംക്ഷ കൂടും. ഇപ്പോള്‍ കോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നടന്‍ രവി മോഹന്റെയും ഭാര്യ ആരതിയുടെയും വിവാഹമോചനമാണ്.
ജയം രവി എന്ന പേരില്‍ അറിയപ്പെടുന്ന രവി മോഹന്റെ സിനിമാ കരിയറില്‍ തന്നെ നിഴല്‍ വീഴ്ത്തിയാണ് വിവാദങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷമാണ് 15 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ നടന്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. രവി മോഹനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ചതും.

ഒരു ദശാബ്ദത്തിലേറെ സമൂഹത്തിനു മുന്നില്‍ മാതൃകാ ദമ്പതികള്‍ ആയിരുന്ന രവി മോഹനും ആരതിയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. എന്താണ് ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ചതെന്ന തരത്തില്‍ നിരവധി ഊഹാപോഹങ്ങളും ഉയര്‍ന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങളോടൊന്നും പ്രതികരിക്കാന്‍ ഇരുവരും ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ല
കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും രംഗത്തെത്തി. ദാമ്പത്യം പരാജയപ്പെടാനുള്ള കാരണത്തിന് പരസ്പരം പഴിചാരികയും ചെയ്തു. ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും രൂക്ഷമായി.
തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്തതായി രവി മോഹന്‍ ഭാര്യയ്‌ക്കെതിരെയും വീട്ടുകാര്‍ക്കെതിരെയും ആരോപണമുന്നയിച്ചു. പഴ്‌സ് പോലും എടുക്കാതെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും രവി മോഹന്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ദാമ്പത്യത്തില്‍ മൂന്നാമതൊരാള്‍ വന്ന് കയറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ആരതിയും ആരോപിച്ചു. സമൂഹ മാധ്യമങ്ങളില്‍ നീണ്ട കുറിപ്പുകള്‍ പങ്കുവെച്ചാണ് ഇരുവരും ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഗായിക കെനീഷ ഫ്രാന്‍സിസ് ആണ് തങ്ങളുടെ ജീവിതം തകര്‍ത്തത് എന്നാണ് ആരതി ആരോപണം ഉന്നയിക്കുന്നത്. അടുത്തിടെ കെനീഷയും രവി മോഹനും ഒരു വിവാഹ ചടങ്ങില്‍ ഒരുമിച്ച് എത്തിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ടാണ് ആരതി ആരോപണം ഉയര്‍ത്തിയത്.
കെനീഷയുടെ സാന്നിധ്യം തങ്ങളുടെ ജീവിതത്തില്‍ നേരത്തെ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ആരതി ഉന്നയിക്കുന്നത്. കെനീഷ തന്റെ ജീവിതത്തിലെ രക്ഷക എന്ന് രവി മോഹന്‍ വിശേഷിപ്പിച്ചതാണ് ആരതിയെ പ്രകോപിപ്പിച്ചത്.
കോളിവുഡിലെ ഏറ്റവും പ്രബലരായ ദമ്പതികളായിരുന്നു രവി മോഹനും ആരതിയും. രണ്ട് ആണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിലുള്ള അതൃപ്തിയും അടുത്തിടെ രവി മോഹന്‍ പങ്കുവെച്ചിരുന്നു.
ചെന്നൈ കുടുംബക്ഷേമ കോടതിയിലാണ് രവി മോഹന്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല. അടുത്തിടെ ഇരുവരും കോടതിയില്‍ ഹാജരായിരുന്നു. യാതൊരു അനുരഞ്ജനത്തിനും താന്‍ തയ്യാറല്ലെന്നാണ് നടന്‍ കോടതിയെ അറിയിച്ചത്.
അതേസമയം ആരതി ഭര്‍ത്താവില്‍ നിന്ന് 40 ലക്ഷം ജീവനാംശം ആവശ്യപ്പെട്ട് എതിര്‍ ഹര്‍ജി ഫയല്‍ ചെയ്തു. രണ്ട് ഹര്‍ജികളും കോടതിയുടെ പരിഗണനയിലാണ്. വിശദമായ വാദം കേള്‍ക്കലിനായി കേസ് ജൂണ്‍ 12 ലേക്ക് മാറ്റിവെച്ചു. ദമ്പതികള്‍ തമ്മില്‍ സമവായത്തില്‍ എത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രേഖാമൂലമുള്ള പ്രതികരണങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഒരു ദശാബ്ദത്തിലേറെ നീണ്ട വിവാഹ ജീവിതം പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ അവസാനിപ്പിക്കുമ്പോള്‍ ജയം രവിയുടെ ആരാധകരും നിരാശയിലാണ്. നിയമപരമായി ഇരുവരുടെയും തര്‍ക്കം എങ്ങനെ അവസാനിക്കും എന്ന് ആകാംക്ഷയിലാണ് ദക്ഷിണേന്ത്യന്‍ സിനിമ ലോകം.












Click it and Unblock the Notifications