കൊവിഡിനെ കുറിച്ച് ഉപദേശിച്ചു, പ്രമുഖ നടൻ റിയാസ് ഖാനെ മർദ്ദിച്ചെന്ന് പരാതി, കൊല്ലുമെന്ന് ഭീഷണിയും!
ചെന്നൈ: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രമുഖ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ചതായി പരാതി. ചെന്നൈയിലെ താരത്തിന്റെ വീടിന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംഭവദിവസം രാവിലെ വീടിന് സമീപത്ത് നടക്കാന്‍ ഇറങ്ങിയതായിരുന്നു റിയാസ് ഖാന്‍. വീടിന് സമീപത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട റിയാസ് ഖാന്‍ അവരെ കര്‍ഫ്യൂവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തി. ഇത്തരത്തില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും സാമൂഹിക അകലം പാലിക്കണം എന്നും ആവശ്യപ്പെട്ടു.

എന്നാല്‍ റിയാസിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ആളുകള്‍ നടനോട് കയര്‍ത്ത് സംസാരിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിലെ ഒരാള്‍ റിയാസ് ഖാനെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് റിയാസ് ഖാന്‍ തന്നെയാണ് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് വന്ന പത്രവാര്‍ത്ത റിയാസ് ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ആളുകള്‍ കയ്യേറ്റം ചെയ്തതിന് എതിരെ റിയാസ് ഖാന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ആളുകള്‍ കയ്യേറ്റം ചെയ്തുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിയാസ് ഖാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാനത്തൂര്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് ഖാന്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടി. മലയാളത്തിലും തമിഴിലും അടക്കം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുളള താരമാണ് റിയാസ് ഖാന്‍. വില്ലന്‍ വേഷങ്ങളാണ് റിയാസ് ഖാന്‍ പ്രധാനമായും ചെയ്തിരിക്കുന്നത്.
Recommended Video
മലയാളത്തില്‍ ബാലേട്ടന്‍ അടക്കമുളള ചിത്രങ്ങളില്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഗജിനി, ബദ്രി, വിന്നര്‍, ആദവന്‍, മാസ് പോലുളള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പൊന്നിയം സെല്‍വനിലാണ് റിയാസ് ഖാൻ നിലവില്‍ അഭിനയിക്കുന്നത്. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ചെന്നൈയിലെ വീട്ടിലാണ് റിയാസ് ഖാനുളളത്.


Click it and Unblock the Notifications