നടൻ റോബോ ശങ്കർ അന്തരിച്ചു..മരണം കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ
പ്രശസ്ത തമിഴ് നടനും ഹാസ്യകലാകാരനുമായ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ലൊക്കേഷനിൽ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് അന്ത്യം സഭവിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ശങ്കറിന്റെ വൃക്കയും കരളും തകരാറിലായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബുധനാഴ്ച നില വഷളായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ രാത്രി 8. 30 യോടെ മരണം സംഭവിക്കുകയായിരുന്നു.

മധുര സ്വദേശിയായ ശങ്കർ. റോബോട്ട് ശൈലിയിലുള്ള നൃത്തച്ചുവടുകൾ വെച്ച് പ്രശസ്തനായതിനാലാണ് ശങ്കറിന് 'റോബോ' എന്ന പേര് ലഭിച്ചത്. 2000ത്തിൽ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. സ്റ്റാർ വിജയിയിലെ ജനപ്രിയ റിയാലിറ്റി സ്റ്റാൻഡ്-അപ്പ് കോമഡി ഷോയായ "കളക്ക പോവത് യാരു" എന്ന പരിപാടിയിലൂടെയാണ് ശങ്കർ ശ്രദ്ധേയനായത്.
തുടർന്ന് "ഇതർക്കുതാനേ ആസൈപ്പട്ടായ് ബാലകുമാരാ", "വായൈ മൂടി പേസവും" തുടങ്ങിയ നിരവധി തമിഴ് സിനിമകളിൽ അവസരം ലഭിച്ചു. രണ്ടാമത്തെ ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു.
"വേലൈനു വന്തൂട്ടാ വെള്ളൈക്കാരൻ", "കാവൽ ഇറുക്കാൻ കുമാരു", "സിങ്കം 3", "വിശ്വാസം", "കോബ്ര" തുടങ്ങി നിരവധി സിനിമകളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്.
കുറച്ചുവർഷങ്ങൾക്കുമുമ്പ് മഞ്ഞപ്പിത്തത്തിന് ദീർഘകാല ചികിത്സയിലായിരുന്നതിനാൽ ശങ്കർ പൊതുരംഗത്തുനിന്നും വിട്ടുനിന്നിരുന്നു. എന്നാൽ, "ആർ യു ഓക്കെ ബേബി?", "സിംഗപ്പൂർ സലൂൺ", "ജോളി ഓ ജിംഖാന" തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും ശങ്കർ പിന്നീട് തിരിച്ചെത്തി. ഈ വർഷം പുറത്തിറങ്ങിയ "സോട്ട സോട്ട നനയതു" എന്ന കോമഡി ചിത്രത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.
നടിയായ പ്രിയങ്കയാണ് ഭാര്യ. മകൾ ഇന്ദ്ര ശങ്കർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്.












Click it and Unblock the Notifications