അന്താരാഷ്‌ട്ര പുസ്‌തക മേളയ്ക്കിടെ പോക്കറ്റടി ; നടി അറസ്റ്റില്‍
കൊൽക്കത്ത: അന്താരാഷ്‌ട്ര പുസ്‌തക മേളയ്ക്കിടെ പോക്കറ്റടിച്ചെന്ന ആരോപണത്തിൽ നടി അറസ്റ്റിൽ. സിനിമ-സീരിയൽ താരമായ രൂപ ദത്തയാണ് അറസ്റ്റിലായത്. ഇവരുടെ ബാഗിൽ നിന്ന് 75,000 രൂപയും നിരവധി പേഴ്‌സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്‌ട്ര പുസ്‌തക മേളയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബിധാൻനഗർ പൊലീസാണ് നടിയെ അറസ്റ്റു ചെയ്‌തത്.
നടി ചവറ്റുകുട്ടയിലേക്ക് പേഴ്‌സ് വലിച്ചെറിയുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ മറുപടിയിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് 75,000 രൂപയും നിരവധി പേഴ്‌സുകളും പൊലീസ് കണ്ടെടുത്തത്. നടിയെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബിധാൻ നഗര്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു.

2020ല്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തിലായിരുന്നു. അനുരാഗ് കശ്യപ് ഫെയ്‌സ്ബുക്കിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം. സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും താരം പങ്കുവച്ചിരുന്നു. എന്നാൽ അനുരാഗ് എന്ന് പേരുള്ള മറ്റൊരാളാണ് നടിക്ക് അശ്ലീല സന്ദേശങ്ങൾ നടിക്ക് അയച്ചതെന്ന് പിന്നീട് കണ്ടെത്തി.












Click it and Unblock the Notifications