സഞ്ജയ് ദത്തിന് നാലുദിവസത്തെ അധിക ജയില്‍ ശിക്ഷ
മുംബൈ: മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ശിക്ഷാ കാലാവധി നാലു ദിവസം കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. പരോളില്‍ പുറത്തിറങ്ങിയ സഞ്ജയ് ദത്ത് രണ്ടുദിവസം വൈകിയശേഷം ജയിലിലെത്തിയ പശ്ചാത്തലത്തിലാണ് നാലു ദിവസത്തെ അധികശിക്ഷ നല്‍കിയിരിക്കുന്നത്.
ജനുവരി 8 നാണ് സഞ്ജയ് ദത്തിന്റെ പരോള്‍ കാലാവധി അവസാനിച്ചത്. അന്നേദിവസം വൈകുന്നേരം ജയിലില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ജയിലിലെത്തി മറ്റൊരു പരോളിനുള്ള അപേക്ഷ കൂടി നല്‍കിയ സഞ്ജയ് ദത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പരോള്‍ അപേക്ഷ തള്ളിയതോടെ രണ്ടു ദിവസം കഴിഞ്ഞാണ് താരം ജയിലിലെത്തിയത്.

പരോളില്‍ തീരുമാനമെടുക്കാന്‍ വൈകിയതാണ് ദത്തിന് വിനയായത്. പരോള്‍ അനുവദിച്ചു കിട്ടിയിരുന്നെങ്കില്‍ രണ്ടുദിവസത്തെ അവധി പരോളില്‍ കണക്കാക്കുമെന്നായിരുന്നു സഞ്ജയ് ദത്തിന്റെ ധാരണ. എന്നാല്‍ വീണ്ടും പരോള്‍ വേണമെന്ന അപേക്ഷ തള്ളിയതോടെ ഫലത്തില്‍ നാലുദിവസത്തെ അധിക ശിക്ഷ ലഭിക്കുകയായിരുന്നു.
അതേസമയം, ദത്തിന്റെ പരോള്‍ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ജയിലധികൃതര്‍ താമസം വരുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി റാം ഷിന്‍ഡെ പറഞ്ഞു. ഡിസംബര്‍ 24 മുതല്‍ 14 ദിസവത്തേക്കാണ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചിരുന്നത്. 14 ദിവസത്തേക്കു കൂടി പരോള്‍ നീട്ടി നല്‍കണമെന്നായിരുന്ന ദത്തിന്റെ അപേക്ഷ.


Click it and Unblock the Notifications