നടന്‍ ശരത് കുമാര്‍ ബിജെപിയില്‍; തെങ്കാശിയില്‍ സ്ഥാനാര്‍ഥിയായേക്കും... തമിഴ്‌നാട്ടില്‍ ചടുലനീക്കം
ചെന്നൈ: നടന്‍ ശരത് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി ബിജെപിയില്‍ ലയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനകീയ മുഖങ്ങളെ ബിജെപിയിലെത്തിക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ശ്രമം. കേരളം പോലെ ബിജെപിക്ക് പിടികൊടുക്കാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. ഇത്തവണ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും മികച്ച വിജയം നേടാനുമാണ് പദ്ധതി.
തെക്കന്‍ തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള നേതാവാണ് ശരത് കുമാര്‍. 2011ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ സമത്വ മക്കള്‍ കക്ഷി ജയിച്ചിരുന്നു. ജയലളിതയുടെ അണ്ണാഡിഎംകെയുമായി സഹകരിച്ചാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അണ്ണാഡിഎംകെ വിട്ട ശേഷം 2007ലാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് നേരിട്ടത്.

സമത്വ മക്കള്‍ കക്ഷി എന്‍ഡിഎയുടെ ഭാഗമാകും എന്നായിരുന്നു നേരത്തെ ശരത് കുമാറുമായി ബന്ധമുള്ളവര്‍ പറഞ്ഞിരുന്നത്. ശരത് കുമാര്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിക്ക് മാത്രമേ രാജ്യത്തെ ശക്തമായി മുന്നോട്ട് നയിക്കാനാകൂ എന്നാണ് ശരത് കുമാറിന്റെ നിലപാട്. എന്നാല്‍ സഖ്യത്തേക്കാള്‍ ബിജെപി താല്‍പ്പര്യപ്പെട്ടത് ലയനമായിരുന്നു.
കേരളത്തില്‍ സമാനമായ രീതിയിലാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ലയിച്ചത്. ആദ്യം എന്‍ഡിഎയുടെ ഭാഗമാകാനും ബിജെപിയുടെ സഖ്യകക്ഷിയാകാനുമായിരുന്നു ജനപക്ഷത്തിന്റെ ആലോചന. പിന്നീട് ലയനം ബിജെപി ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും സാധ്യമാകുന്ന നേതാക്കളെ ബിജെപിയുമായി അടുപ്പിക്കാനാണ് പദ്ധതി.
ശരത് കുമാറിനെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാക്കാനാണ് ബിജെപി ആലോചന. തെങ്കാശി ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നാടാര്‍ സമുദായ വോട്ട് ശരത് കുമാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. മല്‍സരിക്കുകയാണെങ്കില്‍ ശരത് കുമാറിന് നേരിടേണ്ടത് ഡിഎംകെയെ ആയിരിക്കും. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിന് എത്തിയേക്കും.
തെക്കന്‍ തമിഴ്‌നാട്ടിലെ മിക്ക സീറ്റുകളും സഖ്യകക്ഷികള്‍ക്ക് വീതിച്ചുകൊടുക്കുകയാണ് ഡിഎംകെ ചെയ്തത്. എന്നാല്‍ ദിണ്ഡിഗല്‍, തെങ്കാശി, തിരുനല്‍വേലി, തൂത്തുകുടി എന്നീ മണ്ഡലങ്ങളില്‍ ഡിഎംകെ മല്‍സരിച്ചേക്കും. ഡിഎംകെ സഖ്യം, എഐഎഡിഎംകെ സഖ്യം, ബിജെപി സഖ്യം എന്നിങ്ങനെ മൂന്ന് മുന്നണികളാണ് തമിഴ്‌നാട്ടില്‍ ഇത്തവണ ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഇത്തവണയും വിജയ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ടിടിവി ദിനകരന്‍ നേതൃത്വം നല്‍കുന്ന അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) ബിജെപി സഖ്യത്തില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിരുപാധികമായ പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്ന് ദിനകരന്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കവെയാണ് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംഭവിക്കുന്നത്.












Click it and Unblock the Notifications