നടി തുനിഷയെ തട്ടം ഇടാനും മതം മാറാനും നിർബന്ധിച്ചോ? പ്രതികരണവുമായി നടൻ ഷീസാന്റെ കുടുംബം
മുംബൈ: സിനിമാ-സീരിയല്‍ താരം തുനിഷ ശര്‍മ്മയുടെ മരണത്തില്‍ നടന്‍ ഷീസാന്‍ ഖാനെ കേസില്‍ നടിയുടെ അമ്മ മനപ്പൂര്‍വ്വം കുടുക്കിയതാണ് എന്ന് ആരോപിച്ച് നടന്റെ കുടുംബം. തുനിഷ തങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെ ആയിരുന്നുവെന്ന് ഷീസാന്റെ അമ്മയും രണ്ട് സഹോദരിമാരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുനിഷ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നടിയുടെ അമ്മ അവളെ ജോലി ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നുവെന്നും ഷീസാന്റെ കുടുംബം ആരോപിച്ചു.
21കാരിയായ തുനിഷ ശര്‍മ്മയെ ഡിസംബര്‍ 24ന് ഷൂട്ടിംഗ് സെറ്റിലെ വാഷ്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല്‍ഘട്ടിന് സമീപത്തുളള വസായില്‍ അലി ബാബ ദാസ്താ ഇ കാബൂള്‍ എന്ന ഷോയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു തുനിഷ. ഈ സീരിയയില്‍ തുനിഷയുടെ സഹതാരമായിരുന്നു ഷീസാന്‍ ഖാന്‍. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. തുനിഷ മരണപ്പെടുന്നതിന് 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമ്മിലുളള പ്രണയം അവസാനിപ്പിച്ചത്.

തുനിഷ മരണപ്പെടുന്ന ദിവസം ഇരുവരും തമ്മില്‍ ഷൂട്ടിംഗിനിടെ വാക്കേറ്റമുണ്ടായിരുന്നു. അതിന് പിന്നാലെ വാഷ് റൂമിലേക്ക് പോയ തുനിഷ തൂങ്ങി മരിക്കുകയായിരുന്നു. തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 25ന് ആണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷീസാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ താരം പോലീസ് കസ്റ്റഡിയിലാണ്.
തുനിഷയുടെ മരണം കൊലപാതകമാകാമെന്ന് നടിയുടെ അമ്മ ആരോപിച്ചിരുന്നു. മാത്രമല്ല ഷീസാന്‍ ഖാനും കുടുംബവും തുനിഷയെ തട്ടം ധരിക്കാനും മതം മാറാനും നിര്‍ബന്ധിച്ചിരുന്നുവെന്നും തുനിഷയുടെ അമ്മ വനിതാ ശര്‍മ്മ ആരോപിച്ചു. ഷീസാന്‍ ഖാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത്തരം വാട്‌സ്ആപ്പ് ചാറ്റുകള്‍ തുനിഷ കണ്ടെത്തിയെന്നും വനിതാ ശര്‍മ്മ ആരോപിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷീസാന്‍ ഖാന്‍ തുനിഷയെ അടിച്ചുവെന്നും വനിതാ ശര്‍മ പറഞ്ഞിരുന്നു.
വനിതാ ശര്‍മ്മയുടെ ആരോപണങ്ങള്‍ ഷീസാന്‍ ഖാന്‍ നിഷേധിച്ചു. തുനിഷ തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ ആയിരുന്നു. പല സമയത്തും തുനിഷയും അമ്മയും വീട്ടിലേക്ക് വന്നിട്ടുണ്ട്. ആരെയും ഒന്നും ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ല, ഷീസാന്‍ ഖാന്റെ സഹോദരി ഫലഖ് നാസ് പറഞ്ഞു. ഷീസാന് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വനിതാ ശര്‍മ്മ തെളിവ് നല്‍കണമെന്ന് നടന്റെ അമ്മ ആവശ്യപ്പെട്ടു. തുനിഷയെ അടിച്ചുവെന്ന് പറയുന്ന വനിതാ ശര്‍മ്മ എന്തുകൊണ്ട് അക്കാര്യം തങ്ങളോട് പറഞ്ഞില്ലെന്നും എന്തുകൊണ്ട് ഷീസാന് തിരിച്ച് അടി കൊടുത്തില്ലെന്നും അവര്‍ ചോദിച്ചു. തുനിഷയ്ക്ക് നീതി ലഭിക്കണം എന്ന് തന്നെയാണ് തങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ തുനിഷയുടെ അമ്മ ഷീസാനെ കേസില്‍പ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും നടന്റെ കുടുംബം പറഞ്ഞു.












Click it and Unblock the Notifications