സിനിമാ നടനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; പണമിടപാട് തര്‍ക്കമെന്ന് സൂചന, പോലീസ് പറയുന്നത്
മംഗളൂരു: തുളു നടന്‍ സുരേന്ദ്ര ബണ്ട്വാളിനെ ഒരു സംഘം വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലുള്ള ബണ്ട്വാള്‍ താലൂക്കിലെ ബിസി റോഡിലുള്ള താമസസ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
സുരേന്ദ്രയുമായി സാമ്പത്തിക ഇടപാട് നടത്തിയവരെ പോലീസ് തിരയുന്നുണ്ട്. സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചുവരികയാണ്. സിനിമാ ലോകത്തിന് അപ്പുറത്ത് ഒരുപാട് ബന്ധങ്ങളുള്ള വ്യക്തിയാണ് ഇദ്ദേഹം. ആരാണ് സുരേന്ദ്ര ബണ്ട്വാള്‍...

പോലീസ് എത്തിയപ്പോള്‍
പോലീസ് എത്തിയപ്പോള്‍ സോഫയില്‍ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നിലേറെ തവണ വെട്ടേറ്റിട്ടുണ്ട്. ബണ്ട്വാള്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ടിഡി നാഗരാജിനാണ് അന്വേഷണ ചുമതല. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടന്നതെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായി എന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഇടപാട്
സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. കേസ് അന്വേഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ബിജെപിക്കാരെ വെട്ടിയ കേസ്
സുരേന്ദ്ര നേരത്തെ നിരവധി കേസുകളിലെ പ്രതിയാണ്. 15ഓളം കേസുകള്‍ ഇദ്ദേഹത്തിനെതിരെയുണ്ടെന്ന് പോലീസ് പറയുന്നു. നേരത്തെ രണ്ട് ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു സുരേന്ദ്ര. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചിരിച്ചിരുന്നു.

കഴിഞ്ഞദിവസം പാര്‍ട്ടി
പണം പലിശക്ക് കൊടുക്കുന്ന വ്യക്തിയായിരുന്നു സുരേന്ദ്ര. ഇദ്ദേഹവുമായി അടുപ്പമുള്ള വ്യക്തി തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരും ഒരു പാര്‍ട്ടിയില്‍ സുരേന്ദ്ര പങ്കെടുത്തിരുന്നു. ഈ പരിപാടിക്കെത്തിയ വ്യക്തികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

കോണ്‍ഗ്രസ് പ്രചാരണത്തില്‍
ആദ്യം തീവ്ര ഹിന്ദു സംഘടനകളുമായി സഹകരിച്ചിരുന്ന ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. തുളു സിനിമാ ലോകത്തിന് അപ്പുറത്ത് ഒരുപാട് ബന്ധങ്ങളുള്ള വ്യക്തിയാണ് ഇദ്ദേഹം. നിരവധി കേസുകളിലെ പ്രതിയായതിനാല്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications