'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടനും രാജ്യസഭാ മുന്‍ എം പിയുമായ സുരേഷ് ഗോപി. ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയിലൂടെ ആണ് നരേന്ദ്രമോദി രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ഞായറാഴ്ച ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ബി ജെ പി തമിഴ്നാട് ഘടകത്തിന്റെ ഇതര ഭാഷാസെല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
രാഷ്ട്രീയത്തില്‍ ഉപരിയായി ഭരണപരമായ മിടുക്ക് കാരണമാണ് നരേന്ദ്ര മോദിയെ ജനങ്ങള്‍ ഹൃദയത്തില്‍ കുടിയിരുത്തുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. ജന്‍ധന്‍ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാര്‍ഷിക നിയമം, ഗതാഗതവികസനം തുടങ്ങി പല പദ്ധതികളും നടപ്പാക്കിയ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മുന്‍കാല ഭരണങ്ങൡ മികച്ച രാഷ്ട്രീയ നേതാക്കളെപ്പോലും നല്ലത് ചെയ്യാന്‍ അനുവദിക്കാതിരുന്ന മേല്‍ക്കോയ്മ ഉണ്ടായിരുന്നു. അത് മാറ്റി മറിച്ചത് നരേന്ദ്ര മോദി ആണ് എന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ആദ്യം ദോഷകരം എന്ന് തോന്നിപ്പിക്കും എങ്കിലും നരേന്ദ്ര മോദി വിഭാവനം ചെയ്ത പല പദ്ധതികളും ദീര്‍ഘവീക്ഷണത്തോടെ ഉള്ളതായിരുന്നു എന്നും താരം വ്യക്തമാക്കി.

കാലം ഒരിക്കല്‍ അത് വ്യക്തമാക്കി തരും എന്ന ശുഭാപ്തി വിശ്വാസവും സുരേഷ് ഗോപി പ്രകടിപ്പിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരം ഏറ്റത് മുതല്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധം ഭരണമികവ് രാജ്യത്ത് പ്രകടമായി തുടങ്ങി. സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി എന്നും സുരേഷ് ഗോപി പറഞ്ഞു.

ബി ജെ പി ഭരണം 2024 ന് ശേഷവും തുടരും എന്നും രാജ്യം പൂര്‍ണവികസനം കൈവരിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. നടി ഷീലയും ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ബി ജെ പി തമിഴ്നാട് ഘടകത്തിന്റെ ഇതര ഭാഷാസെല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നേരത്തേയും നരേന്ദ്ര മോദിയെ പുകഴ്ത്തി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.

നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ രാജ്യസഭാ എം പിയായത് എന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. 2016 ല്‍ കലാകാരന്‍മാരുടെ പട്ടികയില്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തിരുന്നത്. രാജ്യസഭ എം പിയായി പ്രധാനമന്ത്രി തന്നെ നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.












Click it and Unblock the Notifications