വിജയ് തമിഴ്‌നാടിന്റെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയല്ല; അതിനേക്കാള്‍ കുറഞ്ഞ വയസില്‍ ചുമതലയേറ്റവര്‍ ഇതാണ്
തമിഴക രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച നടൻ വിജയ്, സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിമാരുടെ പ്രായം ചര്‍ച്ചയാകുകയാണ്. ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണോ വിജയ് എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ വിജയ് അല്ല തമിഴ്‌നാടിന്റെ പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ജയലളിത ഉള്‍പ്പെടെയുള്ള മറ്റു നേതാക്കള്‍ ഇതിനേക്കാള്‍ കുറഞ്ഞ പ്രായത്തില്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്. തമിഴ്നാട്ടിൽ ഭരണാധികാരികളുടെ പ്രായം എക്കാലത്തും ചർച്ചാ വിഷയമാണ്. ചെറുപ്പത്തിൽ അധികാരമേറ്റവരും ദീർഘകാലം കഴിഞ്ഞ് പദവിയിലെത്തിയവരുമുണ്ട്.
ദ്രാവിഡ പാർട്ടികൾ അധികാരത്തിൽ വരുന്നതിന് മുൻപ് കോൺഗ്രസ് ഭരണകാലത്ത് മുഖ്യമന്ത്രിയായ കാമരാജർ പ്രമുഖനാണ്. 50-ാം വയസ്സിൽ അദ്ദേഹം ചുമതലയേറ്റു. ലാളിത്യം, വിദ്യാഭ്യാസ വികസനം, മികച്ച ഭരണപാടവം എന്നിവയിലൂടെ 'വിദ്യാഭ്യാസത്തിന്റെ കണ്ണുകൾ തുറപ്പിച്ച നേതാവ്' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

1967-ൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ സി.എൻ. അണ്ണാദുരൈക്ക് 57 വയസ്സായിരുന്നു പ്രായം. കോൺഗ്രസ് ഭരണത്തെ മറികടന്ന് ദ്രാവിഡ മുന്നേറ്റ കഴകത്തെ (ഡി.എം.കെ) ആദ്യമായി അധികാരത്തിലെത്തിച്ച നേതാവ് എന്ന നിലയിൽ അണ്ണാദുരൈ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.
തമിഴ്‌നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരിൽ ഒരാളാണ് മുത്തുവേൽ കരുണാനിധി. 1969-ൽ അധികാരമേൽക്കുമ്പോൾ കേവലം 44 വയസ്സായിരുന്നു. അണ്ണാദുരൈയുടെ നിര്യാണശേഷം പദവിയിലെത്തിയ കരുണാനിധി, ദീർഘകാലം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിച്ചു.
സിനിമാരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി തമിഴ്‌നാട്ടിൽ വിജയകരമായി ഭരണം സ്ഥാപിച്ച നേതാവാണ് എം.ജി. രാമചന്ദ്രൻ. 1977-ൽ മുഖ്യമന്ത്രിയാകുമ്പോൾ 60 വയസ്സായിരുന്നു പ്രായം. ജനമനസ്സുകളിൽ വലിയ സ്വാധീനം ചെലുത്തിയ എം.ജി.ആർ., തുടർച്ചയായി മൂന്ന് തവണ അധികാരം നിലനിർത്തി ചരിത്രം കുറിച്ചു.
ജയലളിത 43-ാം വയസ്സിലാണ് അധികാരമേറ്റത്
തമിഴ്‌നാടിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ജെ. ജയലളിത 43-ാം വയസ്സിലാണ് അധികാരത്തിലെത്തിയത്. സംസ്ഥാന ഭരണം ഏറ്റെടുത്ത ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിൽ ഒരാളായി അവർ കണക്കാക്കപ്പെടുന്നു. പിന്നീട്, തമിഴ്നാട് രാഷ്ട്രീയത്തിലെ അതിശക്തയായ നേതാവായി അവർ മാറി.
ഒ. പനീർസെൽവം ആദ്യമായി മുഖ്യമന്ത്രിയായി 50-ാം വയസ്സിലാണ്. ജയലളിതയുടെ പിന്മാറ്റത്തെ തുടർന്ന് ഇടക്കാല മുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രധാനിയായി. എടപ്പാടി പളനിസാമിക്ക് 62-ാം വയസ്സിൽ മുഖ്യമന്ത്രിയായി. ജയലളിതയുടെ വിയോഗശേഷം എ.ഐ.എ.ഡി.എം.കെ-യിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലായിരുന്നു പദാരോഹണം.
നീണ്ട രാഷ്ട്രീയ അനുഭവങ്ങൾക്കൊടുവിലാണ് എം.കെ. സ്റ്റാലിൻ 68-ാം വയസ്സിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായത്. ഡി.എം.കെ. യൂത്ത് വിംഗ് സെക്രട്ടറി, മേയർ, ഉപമുഖ്യമന്ത്രി തുടങ്ങിയ നിരവധി പദവികൾ വഹിച്ച ശേഷമാണ് സംസ്ഥാന ഭരണം ഏറ്റെടുത്തത്.
നിലവിൽ, നടനും തമിഴ്‌നാട് വെട്രി കഴകം നേതാവുമായ ജോസഫ് വിജയ് 51-ാം വയസ്സിൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ പ്രവേശനത്തിനുശേഷം കേവലം രണ്ട് വർഷത്തിനുള്ളിൽ അധികാരം പിടിച്ചെടുത്തത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു വലിയ മുന്നേറ്റമാണ്. അണ്ണാ, കരുണാനിധി, എം.ജി.ആർ, സ്റ്റാലിൻ തുടങ്ങിയവർക്ക് ദീർഘകാല രാഷ്ട്രീയ പരിചയം ആവശ്യമായിരുന്നെങ്കിൽ, വിജയുടെ ഈ അതിവേഗ മുന്നേറ്റം പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നു.














Click it and Unblock the Notifications