വിജയ് വീണ്ടും അഭിനയ രംഗത്തേക്ക്? ജനനായകന്റെ ചോര്‍ച്ചയ്ക്കിടെ, നിര്‍മാതാവ് പറയുന്നത്
വിജയ്‌യുടെ 'ജനാ നായകന്‍' എന്ന ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി പ്രശ്നങ്ങളാണ് ഉയർന്നുവരുന്നത്. സെൻസർ ബോർഡ് വിവാദം, ഓണ്‍ലൈന്‍ ചോർച്ച എന്നിവ റിലീസിനെ ബാധിച്ചിരുന്നു. ഇതിനിടയിൽ, ഈ ചിത്രത്തിന് ശേഷം വിജയ് ഒരു സിനിമകൂടി ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
പൊങ്കൽ റിലീസായി ജനുവരി 13-ന് ജനാനായകന്‍ തിയേറ്ററുകളിലെത്തിക്കാനായിരുന്നു നിർമ്മാതാക്കളുടെ ആദ്യ പദ്ധതി. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് വിജയ്‌യുടെ അവസാന ചിത്രമായി 'ജനാ നായകനെ' അവതരിപ്പിച്ച് വലിയ പ്രചരണവും നൽകിയിരുന്നു. ഇത് പ്രേക്ഷകരിൽ ചിത്രത്തെക്കുറിച്ചുള്ള ആകാംഷ വർദ്ധിപ്പിക്കുകയും ചെയ്തു.

എന്നാൽ, ചിത്രം സെൻസർ ബോർഡിന്റെ അംഗീകാരം നേടുന്നതിൽ തടസ്സങ്ങൾ നേരിട്ടു, ഇത് റിലീസ് വൈകിപ്പിച്ചു. സമയബന്ധിതമായി സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് അണിയറപ്രവർത്തകർക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. റിവൈസിങ് കമ്മിറ്റി ചിത്രം കണ്ടിട്ടും സെൻസർ സർട്ടിഫിക്കറ്റ് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
വിജയ് രാഷ്ട്രീയത്തിൽ സജീവമായ സാഹചര്യത്തിൽ നിലവിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്തുന്നതിന് തടസ്സമാകുന്നുണ്ട്. ചട്ടങ്ങൾ മാറിയതിന് ശേഷം മാത്രമേ ചിത്രത്തിന്റെ സെൻസർ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരൂ.
സെൻസർ പ്രശ്‌നങ്ങൾക്കിടെ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സിനിമയിലെ ചില രംഗങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന്, മുഴുവൻ ചിത്രവും ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചു. അണിയറപ്രവർത്തകർ സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ ലിങ്കുകൾ നീക്കം ചെയ്തെങ്കിലും, അവ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയായിരുന്നു.
സംഭവത്തിൽ അസിസ്റ്റന്റ് എഡിറ്റര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ചോർച്ച ഇതിനോടകം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇത് ചിത്രത്തിന്റെ തിയേറ്റര്‍ വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് സിനിമാ ലോകം.
പുതിയ സിനിമയുമായി വിജയ് എത്തും?
ഇതോടെയാണ് വിജയ് വീണ്ടുമൊരു ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ചോർച്ച കാരണം നിർമ്മാതാക്കൾക്ക് ഉണ്ടാകാനിടയുള്ള നഷ്ടം നികത്തുന്നതിനായി വിജയ് മറ്റൊരു ചിത്രം ചെയ്തേക്കുമെന്നാണ് കോടമ്പാക്കത്തെ സംസാരം.
വിജയ് അടുത്ത സിനിമയിൽ അഭിനയിക്കുമോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് നിർമ്മാതാവ് ധനഞ്ജയൻ 'ടൂറിംഗ് ടാക്കീസ്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽവ്യക്തമാക്കി. ചിത്രത്തിന്റെ റിലീസിനും വരുമാനത്തിനും ശേഷമേ വിജയ് അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ധനഞ്ജയൻ കൂട്ടിച്ചേർത്തു.
ചിത്രം ചോർന്നതുകൊണ്ട് വലിയ നഷ്ടമുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് പവൻ കല്യാൺ ചിത്രം, മലയാളത്തിൽ 'പ്രേമം' എന്നിവ റിലീസിന് മുമ്പ് ചോര്‍ന്നിട്ടും ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ നേടിയതുപോലെ, 'ജനാ നായകനും' വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും ധനഞ്ജയൻ പറഞ്ഞു.
ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്യുകയും അന്തിമ വരുമാനം പുറത്തുവരികയും ചെയ്യുമ്പോൾ മാത്രമേ നഷ്ടത്തിന്റെ തോത് കൃത്യമായി നിർണ്ണയിക്കാനാകൂ. അതിനുശേഷമായിരിക്കും വിജയ് മറ്റൊരു ചിത്രം ചെയ്യണോ അതോ മറ്റ് മാർഗ്ഗങ്ങളിലൂടെ നഷ്ടം നികത്തണോ എന്ന് തീരുമാനിക്കുക. നിലവിൽ അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്.
വിജയ്‌യുടെ രാഷ്ട്രീയ യാത്ര ആരംഭിച്ച സാഹചര്യത്തിൽ 'ജനാ നായകന്റെ' വിജയം അദ്ദേഹത്തിന് വളരെ നിർണ്ണായകമാണ്. ധനഞ്ജയൻ സൂചിപ്പിച്ചതുപോലെ, ചിത്രം വരുമാനത്തിൽ ഒരുപക്ഷേ പിന്നോട്ട് പോയാൽ, നിർമ്മാതാക്കൾക്കായി വിജയ് വീണ്ടും സിനിമയിലേക്ക് മടങ്ങിയേക്കാം. പവൻ കല്യാണിനെപ്പോലെ സിനിമയിലും രാഷ്ട്രീയത്തിലും ഇരട്ടസവാരി നടത്തുമോ അതോ 'ജനാ നായകനോടെ' വിടപറയുമോ എന്ന് അറിയാന്‍ കാത്തിരിക്കാം.












Click it and Unblock the Notifications