നടന്‍ വിജയ് കുരുക്കിലാകുമോ? താരത്തിനെതിരെ കേസ്... 'എംകെ സ്റ്റാലിന്‍ പറഞ്ഞതിന് എതിര്'
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കെ താരത്തിനെതിരെ കേസ്. പുതിയ ചിത്രമായ ലിയോയിലെ ഗാനമാണ് കേസിന് ആധാരം. വരുന്ന ഒക്ടോബറിലാണ് ലോകേഷ് കനകരാജ് ചിത്രമായ ലിയോ റിലീസ് ചെയ്യുന്നത്. സിനിമയിലെ പാട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. ആരാധകര്‍ വലിയ ആവേശത്തോടെ സ്വീകരിച്ച് നാന്‍ റെഡി എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കേസ്.
പാട്ടില്‍ വിജയ് സിഗരറ്റ് വായില്‍ വച്ചതാണ് കേസിന് ആധാരം. സിനിമ റൗഡിസം പ്രോല്‍സാഹിപ്പിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വരികളും പാട്ടിലുണ്ടെന്നും ഇത് യുവാക്കളെ വഴിതെറ്റിക്കുമെന്നുമാണ് ആരോപണം.

ചെന്നൈയിലെ കൊരുക്കുപേട്ടിലെ സാമൂഹിക പ്രവര്‍ത്തകനായ സെല്‍വം ആണ് പരാതിക്കാരന്‍. താനൊരു വിവരാവകാശ പ്രവര്‍ത്തകനാണ് എന്ന് സെല്‍വം പരാതിയില്‍ സൂചിപ്പിക്കുന്നു. സമൂഹത്തിലെ തിന്മകള്‍ നിയമപരമായ മാര്‍ഗത്തിലൂടെ ഇല്ലായ്മയ ചെയ്യലാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. റൗഡിസവും മയക്കുമരുന്നും പ്രോല്‍സാഹിപ്പിക്കുന്ന ഗാനരംഗം നീക്കണമെന്നാണ് സെല്‍വത്തിന്റെ ആവശ്യങ്ങളിലൊന്ന്.
വിജയ്, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, ഗാനം പുറത്തുവിട്ടവര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും സെല്‍വം പരാതിയില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച ഓണ്‍ലൈന്‍ ആയി പരാതി നല്‍കിയ സെല്‍വം ഇന്ന് നേരിട്ട് കമ്മീഷണറെ കണ്ട് പരാതി സമര്‍പ്പിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇത്തരം സിനിമകള്‍ അട്ടിമറിക്കുമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രചാരണം നടത്തിവരികയാണ്. സംസ്ഥാനത്തെ പല കുറ്റകൃത്യങ്ങള്‍ക്കും കാരണം ലഹരി ഉപയോഗമാണ് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പദ്ധതി താളംതെറ്റിക്കുന്നതാണ് വിജയ് നായകനാകുന്ന ചിത്രത്തിലെ പാട്ട് എന്ന് സെല്‍വം ആരോപിക്കുന്നു. ആന്റി നര്‍ക്കോട്ടിക് നിയമത്തിലെ 31 വകുപ്പ് പ്രകാരം നടപടി വേണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
മയക്കുമരുന്ന് ഉപയോഗം തടയുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഇതിനെതിരെ മൗനം പാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും സെല്‍വം പരാതിയില്‍ ചൂണ്ടിക്കാട്ടി. ലിയോ സിനിമ വരുന്നതില്‍ വലിയ ആവേശത്തിലാണ് വിജയ് ആരാധകര്‍. അവര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് പുതിയ കേസ്.
അടുത്തിടെ വിജയ് വിദ്യാര്‍ഥികളുമായി സംവദിച്ചിരുന്നു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച ശേഷം അദ്ദേഹം നടത്തിയ പ്രസംഗം വൈറലായിരുന്നു. സമൂഹത്തില്‍ മാന്യതയോടെ ജീവിക്കണമെന്നും തെറ്റുകള്‍ക്കെതിരെ ശബ്ദിക്കണമെന്നും പണം വാങ്ങി വോട്ട് ചെയ്യുന്ന രീതി തടയണമെന്നും വിജയ് വിദ്യാര്‍ഥികളെ ഉണര്‍ത്തിയിരുന്നു.












Click it and Unblock the Notifications