അധികം വൈകില്ല... വിജയ് ചുവടുറപ്പിക്കുമെന്ന് റിപ്പോര്‍ട്ട്; ഭക്ഷണ വിതരണം ചര്‍ച്ചയാക്കി തമിഴ്‌നാട്
ചെന്നൈ: തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് ബലമേകുന്ന പ്രവര്‍ത്തനങ്ങളാണ് താരം നടത്തുന്നതും. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും ഭക്ഷണ വിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വിജയുടെ ആരാധക സംഘടന. വിജയുടെ നിര്‍ദേശ പ്രകാരമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിജയ് നടത്തുന്ന ഓരോ നീക്കങ്ങളും ജനകീയ അടിത്തറ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താരം മുമ്പ് നടത്തിയ രാഷ്ട്രീയ പ്രസ്താവനകള്‍ കൂടി മാധ്യമങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് നല്‍കിയിട്ടുണ്ട്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് ഔദ്യോഗികമായി രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് പുതിയ വാര്‍ത്ത.

ഞായറാഴ്ച വിജയുടെ ആരാധക സംഘടന തമിഴ്‌നാട്ടില്‍ ഭക്ഷണം വിതരണം ചെയ്യും. പാവപ്പെട്ടവര്‍ക്കിടയിലാണ് വിതരണം എന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ലോക വിശപ്പ് ദിനത്തോട് അനുബന്ധിച്ചാണിത്. കേരളം, കര്‍ണാടകം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വിജയ് ആരാധകര്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം.
താന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് നടന്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സംഘടനയിലെ പ്രമുഖര്‍ വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പോ അതിന് ശേഷമോ വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് സംഘടനയുടെ നേതൃത്വങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍. ഇതിന്റെ ഭാഗമായിട്ടാണ് നേരത്തെ സംഘടനാ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നും അവര്‍ സൂചിപ്പിക്കുന്നു.
വിജയ് നടത്തിയ രാഷ്ട്രീയ പ്രസ്താവനകളും ഇതോടൊപ്പം ചര്‍ച്ചയാകുകയാണ്. അഴിമതിക്കെതിരെ അന്നാ ഹസാരെ 2011ല്‍ നടത്തിയ സമരത്തിന് പിന്തുണയുമായി വിജയ് ഡല്‍ഹിയില്‍ പോയിരുന്നു. 2016ലെ നോട്ട് നിരോധനം ധീരമായ നടപടിയാണെന്ന് വിശേഷിപ്പ വിജയ് പാവപ്പെട്ടവര്‍ക്ക് പ്രയാസമില്ലാതെ നടപ്പിലാക്കേണ്ടിയിരുന്നുവെന്നും പറഞ്ഞിരുന്നു. 2021ലാണ് വിജയ് മക്കള്‍ ഇയക്കം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.
പുതിയതായി രൂപീകരിക്കപ്പെട്ട ജില്ലകളില്‍ 2021ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രകടനമായിരുന്നു. 120ലധികം സീറ്റുകളിലാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ ജയിച്ചത്. ശേഷം നഗര തദ്ദേശ തിരഞ്ഞെടുപ്പിലും സംഘടന മല്‍സരിച്ച് ശ്രദ്ധ പിടിച്ചുപറ്റി. വിജയ് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കാണിച്ച് മധുരയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു.
കാവലന്‍, തലൈവ, തുപ്പാക്കി, കത്തി, മെര്‍സല്‍, സര്‍ക്കാര്‍ തുടങ്ങിയ വിജയ് സിനിമകളെല്ലാം രാഷ്ട്രീയ പ്രസ്താവനകള്‍ കൊണ്ട് വിവാദമായതാണ്. ജിഎസ്ടിക്കെതിരായ ഡയലോഗാണ് മെര്‍സലിനെതിരെ ബിജെപി പ്രതിഷേധിക്കാന്‍ ഇടയാക്കിയത്. ജയലളിതയുടെ പദ്ധതി ഗുണം ചെയ്തില്ലെന്ന ധ്വനിയാണ് സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രതിഷേധിക്കാന്‍ കാരണം.
നിലവില്‍ തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ ഭിന്നിക്കുകയും ദയനീയമായി തോല്‍ക്കുകയും ചെയ്തു. എംകെ സ്റ്റാലിന്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറി. ബിജെപി പ്രധാന പ്രതിപക്ഷമാകാന്‍ ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങിയാല്‍ വലിയ പിന്തുണ കിട്ടുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.












Click it and Unblock the Notifications