വിജയ് വീട് പൊളിച്ചുമാറ്റും; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ്, സാലിഗ്രാമത്തിലെ വീട് നിന്നിടം ഇനി ഫ്‌ളാറ്റ്
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ ഒരുങ്ങുന്ന നടൻ വിജയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടി.വി.കെ) മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴകത്ത് ഭരണത്തിലെത്താമെന്ന് വിജയ് പക്ഷം പ്രതീക്ഷിക്കുമ്പോൾ, അധികാരം പിടിച്ചെടുക്കുന്നത് വെല്ലുവിളിയാണെങ്കിലും തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്ന് പാർട്ടിക്കുള്ളിലെ ചിലർ കരുതുന്നു.
ഈ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, വിജയുടെ സാലിഗ്രാമത്തിലെ പഴയ വീട് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് പൊളിച്ചുനീക്കാൻ പോവുകയാണെന്ന വെളിപ്പെടുത്തലുമായി വലൈപേച്ച് അന്ദനൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് വളരെ പ്രധാനപ്പെട്ട ഒരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു. വിജയ് നിലവിൽ ചെന്നൈ നീലാങ്കരയിലുള്ള വീട്ടിലാണ് താമസിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ പാർട്ടി ഓഫീസ് ചെന്നൈ തിരുവാൻമിയൂരിലാണ് പ്രവർത്തിക്കുന്നത്.

വിജയ് ആദ്യം താമസിച്ചിരുന്ന ചെന്നൈ സാലിഗ്രാമത്തിലെ വീട് പൊളിച്ചുമാറ്റി അവിടെ വലിയൊരു അപ്പാർട്ട്‌മെന്റ് സമുച്ചയം നിർമ്മിക്കാൻ അദ്ദേഹത്തിന്റെ പിതാവായ സംവിധായകൻ എസ്.എ. ചന്ദ്രശേഖർ തീരുമാനിച്ചിട്ടുണ്ട്. ഈ വിവരം എസ്.എ. ചന്ദ്രശേഖർ നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
"വിജയുടെ സാലിഗ്രാമത്തിലെ വീട്ടിൽ സംഗീത സംവിധായകൻ വിജയ് ആന്റണിയുടെ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നു. അദ്ദേഹമവിടെ നിന്ന് മാറിയതിന് ശേഷം എസ്.എ. ചന്ദ്രശേഖറിന്റെ ഓഫീസും അവിടെയുണ്ടായിരുന്നു. അതും ഇപ്പോൾ ഒഴിഞ്ഞു. ആ വീട് പൊളിച്ച് ഒരു വലിയ അപ്പാർട്ട്‌മെന്റ് പണിയാനാണ് എസ്.എ. ചന്ദ്രശേഖർ ഉദ്ദേശിക്കുന്നത്."- വലൈപേച്ച് അന്ദനൻ പറയുന്നു.
ഈ പൊളിച്ച് മാറ്റലുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. നിലവിൽ ദിവസേന ഏകദേശം 200 പേർക്ക് ഈ വീട്ടിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. വീട് പൊളിച്ചാൽ ഈ അന്നദാനം മുടങ്ങുമോ എന്നതാണ് ചോദ്യം. ഒരു ആഴ്ചയ്ക്കുള്ളിൽ വീട് പൊളിച്ച് അപ്പാർട്ട്‌മെന്റ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരു പ്രധാന കാരണമുണ്ട്.
വീട് കാലപ്പഴക്കം ചെന്നതായിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീട് പൊളിക്കുകയാണെങ്കിൽ അത് അഴിമതി ആരോപണങ്ങളിലേക്ക് നയിച്ചേക്കാം എന്നൊരു ആശങ്ക ചിലർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വാദങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതിന് മുമ്പ് തന്നെ പൊളിക്കൽ പ്രക്രിയ ആരംഭിക്കാൻ തീരുമാനിച്ചത്.












Click it and Unblock the Notifications