വിജയ് രണ്ടിടത്ത് മല്‍സരിക്കാന്‍ കാരണം ഇതാണ്; സീറ്റ് ഷിഫ്റ്റ് വിന്‍ഡോയുമായി ടിവികെ, വന്നവര്‍ക്കെല്ലാം സീറ്റ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ നേതാവും നടനുമായ വിജയ് മല്‍സരിക്കുന്നത് രണ്ട് സീറ്റില്‍. ചെന്നൈ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പെരമ്പൂര്‍ മണ്ഡലത്തിലും താരതമ്യേന ഉള്‍നാടന്‍ പശ്ചാത്തലമുള്ള തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലുമാണ് വിജയ് ജനവിധി തേടുന്നത്. രണ്ടിടത്തും സി ജോസഫ് വിജയ് മല്‍സരിക്കുമെന്ന് താരം പ്രഖ്യാപിക്കുമ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു.
234 മണ്ഡലങ്ങളിലും ടിവികെ മല്‍സരിക്കുന്നുണ്ട്. ആദ്യമായി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ തനിച്ചാണ് ജനവിധി തേടുന്നത് എന്നതാണ് എടുത്തു പറയേണ്ടത്. പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുകയാണ് വിജയുടെ ലക്ഷ്യം. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന പ്രചാരണങ്ങള്‍ അസ്ഥാനത്താക്കി വിജയുടെ ടിവികെ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള മണ്ഡലം എന്നതു മാത്രമല്ല പെരമ്പൂരിന്റെ പ്രത്യേകത. തൊഴിലാളി വര്‍ഗത്തിന് പ്രാധാന്യമുള്ള മണ്ഡലമാണ് എന്നതും എടുത്തുപറയണം. വിവിധ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുമൂലം പ്രയാസപ്പെടുന്നവരും നിരവധിയാണ്. ക്രൈസ്തവ വോട്ടര്‍മാരും അല്ലാത്തവരും ഇവിടെ സുപ്രധാനമാണ്. വിജയുടെ വ്യക്തപരമായ ജനപ്രീതി പരീക്ഷിക്കപ്പെടുന്ന മണ്ഡലമാകും പെരമ്പൂര്‍.
അതേസമയം, തിരുച്ചി ഈസ്റ്റില്‍ ക്രൈസ്തവ വോട്ടര്‍മാരാണ് ജയപരാജയം നിര്‍ണയിക്കുക. തിരുച്ചി ഈസ്റ്റില്‍ വിജയ്ക്ക് ജയം എളുപ്പമാകുമെന്നും പെരമ്പൂരില്‍ കടുത്ത മല്‍സരം കാഴ്ചവയ്‌ക്കേണ്ടി വരുമെന്നും ടിവികെ നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരമേഖയില്‍ മല്‍സരിച്ചാലേ മാധ്യമ ശ്രദ്ധ കിട്ടുകയുള്ളൂ എന്ന് ടിവികെ കരുതുന്നു. അതേസമയം, ഗ്രാമീണ മേഖലയില്‍ വിജയ് മല്‍സരിച്ചാല്‍ പാര്‍ട്ടിക്ക് വേരോട്ടം ശക്തമാകുമെന്നും ടിവികെ പ്രതീക്ഷിക്കുന്നു.
അവസാനം വന്നവര്‍ക്കെല്ലാം സീറ്റ്
പെരമ്പൂര്‍ ഡിഎംകെയുടെ സിറ്റിങ് മണ്ഡലമാണ്. ആര്‍ഡി ശേഖര്‍ തന്നെയാണ് ഇത്തവണയും ഇവിടെ മല്‍സരിക്കുന്നത്. അണ്ണാഡിഎംകെ സഖ്യത്തില്‍ നിന്ന് പിഎംകെ സ്ഥാനാര്‍ഥി മല്‍സരിക്കുന്നു. തിരുച്ചി ഈസ്റ്റില്‍ ഡിഎംകെയുടെ സിറ്റിങ് എംഎല്‍എ ഇനിഗോ ഇരുദയരാജിനെയാണ് വിജയ് നേരിടേണ്ടത്. അണ്ണാഡിഎംകെയുടെ രാജശേഖരനും ഇവിടെ മല്‍സരിക്കുന്നുണ്ട്. വിജയ് എത്തുന്നതോടെ രണ്ടിടത്തും ത്രികോണ മല്‍സരമാകും.
അവസാനമായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കെല്ലാം ടിവികെ ടിക്കറ്റ് നല്‍കിയിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ടിവികെ സീറ്റ് ഷിഫ്റ്റ് വിന്‍ഡോ പദ്ധതിയാണ് നടപ്പാക്കിയത് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎംകെയും അണ്ണാഡിഎംകെയും മല്‍സരിക്കാന്‍ അവസരം നല്‍കാത്ത പല നേതാക്കളും അവസാന നിമിഷം ടിവികെയില്‍ ചേരുകയും സ്ഥാനാര്‍ഥികളാകുകയും ചെയ്തു.
അണ്ണാഡിഎംകെ മുന്‍ ജില്ലാ സെക്രട്ടറി കെ മോഹന്‍, അണ്ണാഡിഎംകെ മുന്‍ എംഎല്‍എ ആര്‍വി നാരായണന്‍ നങ്കുനേരി, ഡിഎംകെ നേതാവ് കോണ്‍ട്രാക്ടര്‍ മുരുകേശന്‍, കോണ്‍ഗ്രസ് നേതാവ് ഡി സെല്‍വം എന്നിവരെല്ലാം അവസാന നിമിഷം ടിവികെയില്‍ ചേര്‍ന്നവരാണ്. ഇവര്‍ക്കെല്ലാം ടിവികെ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കി. സെല്‍വം ചീപ്പോക്കില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെയാണ് മല്‍സരിക്കുന്നത്. ജനകീയ മുഖങ്ങള്‍ ഇല്ലാത്ത ടിവികെക്ക് പ്രമുഖരെ കിട്ടിയതും നേട്ടമായി.












Click it and Unblock the Notifications