'വിജയ് ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം'; നിലപാട് വ്യക്തമാക്കി ടിവികെ
ചെന്നൈ: 2026 ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് തമിഴക വെട്രി കഴകം (ടിവികെ). ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി സ്ഥാപകനും തമിഴ് സൂപ്പര്‍താരവുമായ വിജയിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന പാര്‍ട്ടികളുമായി മാത്രമേ രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടൂ എന്നും ടിവികെ പ്രഖ്യാപിച്ചിട്ടുണ്ട്.
അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായുള്ള (എഐഎഡിഎംകെ) പാര്‍ട്ടിയുടെ സഖ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ടിവികെയുടെ വിശദീകരണം. നേരത്തെ ടിവികെയും എഐഎഡിഎംകെ സഖ്യം സംബന്ധിച്ച സാധ്യതകള്‍ തേടുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേയും 2026 ലെ തിരഞ്ഞെടുപ്പിനുള്ള 60 നിയമസഭാ സീറ്റുകളേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നത് എന്നാണ് വിവരം.

എന്നാല്‍ പാര്‍ട്ടി സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയുള്ള ടി വി കെയുടെ പ്രസ്താവന ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. 2024 ഫെബ്രുവരിയില്‍ ആണ് വിജയ് ടിവികെ ആരംഭിച്ചത്. അഭിനയജീവിതം അവസാനിപ്പിക്കുകയാണ് എന്നും രാഷ്ട്രീയത്തില്‍ സജീവമാകും എന്നും പ്രഖ്യാപിച്ച് കൊണ്ടാണ് വിജയ് ടി വി കെ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പായ വിജയ് മക്കള്‍ ഇയക്കം 2021 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
അന്ന് 115 സീറ്റുകള്‍ നേടി കൊണ്ട് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാനും വിജയിക്കായിരുന്നു. പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ചടങ്ങില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കില്ലെന്നും 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് അടിസ്ഥാന രാഷ്ട്രീയ മാറ്റം കൊണ്ടുവരുകയാണ് പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു വശത്ത് സമൂഹത്തിലും ഭരണത്തിലും അഴിമതി ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. മറുവശത്ത്, വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം വളരുന്നു. ഇതിനെ ചെറുക്കണം,' എന്നായിരുന്നു വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞിരുന്നത്. 2024 ഒക്ടോബര്‍ 27 നാണ് ടിവികെയുടെ ആദ്യ പൊതുസമ്മേളനം നടത്തിയത്. ദ്രാവിഡ തത്വങ്ങളെ തമിഴ് ദേശീയതയുമായി സംയോജിപ്പിച്ച് കൊണ്ടാണ് വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്.
രാഷ്ട്രീയ എതിരാളികളുമായി മാന്യമായി ഇടപഴകണമെന്ന് വിജയ് ടിവികെ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്രിയാത്മകമായും മാന്യമായും പ്രതികരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications