സിനിമ നിര്‍ത്തിയ വിജയ് പട തുടങ്ങി; ചെന്നൈ വിറയ്ക്കുന്ന പ്രക്ഷോഭം, സോറി വേണ്ട, നീതി വേണം
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) ആരംഭിച്ച ശേഷം നടന്‍ വിജയ് ആദ്യമായി പൊതു സമര വേദിയില്‍. ശിവഗംഗ ജില്ലയിലെ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പോലീസ് കസ്റ്റഡി മരണങ്ങള്‍ക്ക് നീതി തേടി ചെന്നൈയില്‍ നടന്ന പ്രതിഷേധത്തിലാണ് വിജയ് പങ്കെടുത്തത്. കറുത്ത വസ്ത്രം ധരിച്ചാണ് വിജയ് എത്തിയത്. മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രം പതിച്ച 'സോറി വേണ്ട, നീതി വേണം' എന്നെഴുതിയ പ്ലക്കാര്‍ഡും വിജയ് കൈയ്യിലേന്തിയിരുന്നു.
ശിവഗംഗ ജില്ലയിലെ മടപുരം ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അജിത് കുമാര്‍. സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യുവാവിനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ്, അജിത് കുമാറിനെ രണ്ട് ദിവസം പോലീസ് വാഹനത്തില്‍ മര്‍ദിച്ചതായി പറയപ്പെടുന്നു. അജിത് കുമാര്‍ മരിച്ചത് പോലീസ് മര്‍ദനം കാരണമാണെന്നും നീതി വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് കോടതി വിഷയത്തില്‍ ഇടപെട്ടു. കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. അജിത് കുമാറിനെ മര്‍ദിച്ചതില്‍ ആരോപണവിധേയരായ അഞ്ച് പോലീസുകാരെ അറസ്റ്റ് ചെയ്തു. അതിനിടെയാണ് സമാനമായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിജയ് സമരം പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പോലീസ് കസ്റ്റഡിമരണം ചര്‍ച്ചയാക്കുകയാണ് വിജയ്.
അദ്ദേഹം അജിത് കുമാറിന്റെ വീട്ടില്‍ പോയി കുടുംബത്ത കണ്ടു. ശിവഗംഗ പോലീസ് സ്റ്റേഷന്‍ മരണത്തെ അപലപിച്ച അദ്ദേഹം ചെന്നൈയില്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചു. നിബന്ധനകളോടെ ചെന്നൈ ശിവാനന്ദ റോഡില്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രതിഷേധം നടത്താനാണ് ചെന്നൈ പോലീസ് അനുമതി നല്‍കിയിട്ടുള്ളത്.
സമര വേദിയിലെ കാഴ്ചകള്‍
ഇന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധത്തില്‍ വിജയ്, ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദ്, ആദവ് അര്‍ജുന, സിടിആര്‍ നിര്‍മ്മല്‍ കുമാര്‍, രാജ്‌മോഹന്‍, അരുണ്‍രാജ് തുടങ്ങി നിരവധി ഭാരവാഹികള്‍ പങ്കെടുത്തു. പനയൂരില്‍ നിന്ന് കറുത്ത വസ്ത്രം ധരിച്ച് ചെന്നൈയിലെത്തിയ വിജയ് കാറില്‍ നിന്നിറങ്ങി നേരെ സമരം നടക്കുന്ന വേദിയിലേക്കാണ് പോയത്.
പോലീസ് സ്റ്റേഷന്‍ മരണങ്ങളില്‍ ദുരിതമനുഭവിച്ച കുടുംബാംഗങ്ങളെ വിജയ് വേദിയിലേക്ക് ക്ഷണിച്ചു. വിജയുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാര്‍ഡാണ് ഏവരുടെയും ശ്രദ്ധ കവര്‍ന്നത്. 'സോറി വേണ്ട, നീതി വേണം' എന്ന് എഴുതിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രം പതിച്ചായിരുന്നു പ്ലക്കാര്‍ഡ്. മറ്റ് ഭാരവാഹികളും അതേ പ്ലക്കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചിരുന്നു.
അജിത് കുമാര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് മുഖ്യമന്ത്രി സ്റ്റാലിന്‍ 'സോറി' പറഞ്ഞിരുന്നു. ഇതിനെ സൂചിപ്പിക്കുന്ന തരത്തിലാണ് 'സോറി വേണ്ട, നീതി വേണം' എന്ന പ്ലക്കാര്‍ഡുമായി വിജയ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സമര വേദികളില്‍ നിറസാന്നിധ്യമാകാനാണ് വിജയുടെ തീരുമാനം. വൈകാതെ സംസ്ഥാന വ്യാപക ജാഥ സംഘടിപ്പിക്കാനും ടിവികെ പദ്ധതിയിടുന്നുണ്ട്.












Click it and Unblock the Notifications