വിജയ് എത്തുക ജഗന്‍ മോഡലില്‍; പണം വാരിയെറിയുമോ? സംസ്ഥാന പദയാത്ര എന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ താരസംഘടനാ നേതാക്കളുമായി സംവദിച്ചത്. രാഷ്ട്രീയത്തെ കുറിച്ചുള്ള വ്യക്തമായ സൂചന അദ്ദേഹം പരിപാടിയില്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റൊരു പുതിയ വിവരമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. വിജയ് തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപക പദയാത്ര നടത്തുമത്രെ.
വിജയ് അടുത്ത കാലത്തായി നടത്തിയ ഓരോ നീക്കവും രാഷ്ട്രീയ സൂചന നല്‍കുന്നതായിരുന്നു. താരസംഘടനാ നേതാക്കളെ മല്‍സരിപ്പിച്ചതും ശേഷം 234 നിയമസഭാ മണ്ഡലങ്ങളില്‍ സര്‍വ്വെ സംഘടിപ്പിച്ചതും വാര്‍ത്തയായിരുന്നു. ഇതിന് ശേഷമാണ് മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ദരിച്ചത്.

പണം വാങ്ങി വോട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കണം എന്ന് വിജയ് വിദ്യാര്‍ഥികളോട് പറഞ്ഞതും വലിയ ചര്‍ച്ചയായി. വിജയ് രാഷ്ട്രീയത്തില്‍ വരുന്നതിനെ മറ്റുചില താരങ്ങളും രാഷ്ട്രീയ നേതാക്കളും സ്വാഗതം ചെയ്തു. അജിത്, രജനികാന്ത് എന്നിവരുടെ ആരാധകരും വിജയിക്കൊപ്പം നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിജയ് രാഷ്ട്രീയത്തില്‍ സജീവമായാല്‍ തമിഴ് രാഷ്ട്രീയം മാറുമോ അതോ വിജയ് പരാജയപ്പെടുമോ എന്ന ചോദ്യവും സജീവമാണ്.
കമല്‍ഹാസന്‍, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി അടുത്ത കാലത്ത് സിനിമാ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലറങ്ങിയവരെല്ലാം ശോഭിക്കാന്‍ കഴിയാതെ നില്‍ക്കുകയാണ്. എംജിആറും ജയലളിതയും കരുണാനിധിയും വിട്ടുപോയ തമിഴകത്ത് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് എംകെ സ്റ്റാലിനാണ്. അദ്ദേഹത്തിന് ബദല്‍ ഒരുക്കാന്‍ പ്രതിപക്ഷമായ എഐഎഡിഎംകെക്ക് നിലവില്‍ സാധിക്കുമെന്ന് തോന്നുന്നുമില്ല.
അതേസമയം, വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് വാര്‍ത്തകള്‍. കരാര്‍ ഒപ്പുവച്ച ഒരു സിനിമ കൂടി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്നും 2024ല്‍ രാഷ്ട്രീയത്തില്‍ ചുവടുവച്ച് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണ് വിജയ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനിടെയാണ് ചൊവ്വാഴ്ച ചെന്നൈയിലെ പനയൂരിലുള്ള തന്റെ ഫാം ഹൗസില്‍ വിജയ് തന്റെ ആരാധക സംഘടനാ നേതാക്കളെ വിളിച്ചുവരുത്തി സംസാരിച്ചത്. വിദ്യാര്‍ഥികളുടെ ചടങ്ങ് ഗംഭീര വിജയമാക്കിയതിന്റെ അനുമോദന ചടങ്ങാണ് സംഘടിപ്പിച്ചത് എന്നാണ് വിജയുമായി ബന്ധമുള്ളവര്‍ പറയുന്നത്. രാഷ്ട്രീയവും സിനിമയും ഒരുമിച്ച് പോകില്ലെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സിനിമയില്‍ നിന്ന് പിന്മാറുമെന്ന് വിജയ് പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപക പദയാത്ര സംഘടിപ്പിച്ചാകും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നാണ് പുതിയ വിവരം. 234 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്നതാകും പദയാത്ര. ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയതിന് സമാനമായ രീതിയില്‍ ജനങ്ങളെ ഇളക്കിമറിച്ചുള്ള യാത്രയാകുമെന്നും പറയപ്പെടുന്നു. വലിയ പണച്ചെലവ് വരുന്ന പരിപാടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.












Click it and Unblock the Notifications