അപകടം മനസിലാക്കി വിജയ്; ആ തിരഞ്ഞെടുപ്പിനില്ലെന്ന് തുറന്നുപറഞ്ഞു... ബിജെപി സഖ്യത്തിന് ഗുണം
ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ണായക ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലപാട് വ്യക്തമാക്കി നടന്‍ വിജയ്. ജൂലൈ 10ന് നടക്കുന്ന വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം മല്‍സരിക്കേണ്ടെന്ന് വിജയ് തീരുമാനിച്ചു. ടിവികെ ഇത് സംബന്ധിച്ച് ഇന്ന് പ്രസ്താവന ഇറക്കി. ഇനി മൂന്നാഴ്ച മാത്രമാണ് ഉപതിരഞ്ഞെടുപ്പിനുള്ളത്.
തമിഴ്‌നാടിന്റെ ഭരണത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ പര്യാപ്തമായ ഉപതിരഞ്ഞെടുപ്പല്ല വരാന്‍ പോകുന്നത്. എന്നാല്‍ തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് ഈ ഉപതിരഞ്ഞെടുപ്പ് കാരണമാകും. ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് വിജയുടെ പാര്‍ട്ടിയും സമാനമായ നിലപാട് പറയുന്നത്. ഇത് ബിജെപി സഖ്യത്തിന് നേട്ടമാകുമെന്ന് വിലയിരുത്തുന്നു...

വിജയ് അടുത്തിടെയാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിച്ചിരുന്നില്ല. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കുമെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നത്, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഒരു തിരഞ്ഞെടുപ്പിലും മല്‍സരിക്കില്ല എന്നാണ്.
ജൂലൈ പത്തിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് പുറമെ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം വരികയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും വിജയുടെ പാര്‍ട്ടി മല്‍സരിക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുള്ള ജനകീയ അടിത്തറ വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്ന നിലപാട് ടിവികെ മാറ്റുമോ എന്ന് വ്യക്തമല്ല.
അതേസമയം, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, അംഗത്വ കാമ്പയിന്‍, പൊതുയോഗങ്ങള്‍, വിദ്യാഭ്യാസ പ്രചോദന പരിപാടികള്‍ എന്നിവയിലാണ് വിജയുടെ പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എഐഎഡിഎംകെ ദുര്‍ബലമായ സാഹചര്യത്തില്‍ വിജയുടെ രാഷ്ട്രീയ വരവ് തമിഴകം വലിയ കൗതുകത്തോടെയാണ് കാണുന്നത്. പാര്‍ട്ടിയുടെ നയനിലപാടുകള്‍ വിജയ് പൊതുപരിപാടിയില്‍ പ്രഖ്യാപിക്കുമെന്ന് ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു.
ഡിഎംകെയുടെ സിറ്റിങ് മണ്ഡലമാണ് വിക്രവാണ്ടി. എന്‍ പുകഴേന്തി എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. ജൂലൈ 13നാണ് വോട്ടെണ്ണല്‍. ഡിഎംകെ സ്ഥാനാര്‍ഥിയായി അന്നിയൂര്‍ ശിവ, എന്‍ടികെ സ്ഥാനാര്‍ഥിയായി അഭിനയ എന്നിവരാണ് മല്‍സരിക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ പിഎംകെയാണ് മല്‍സരിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കക്ഷി. സി അന്‍പുമണിയാണ് പിഎംകെ സ്ഥാനാര്‍ഥി.
2016ല്‍ അനുപണി മല്‍സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വിക്രവാണ്ടി. അന്ന് അദ്ദേഹത്തിന് 41428 വോട്ടുകള്‍ ലഭിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. അതുകൊണ്ടാണ് പിഎംകെ നേതാവിനെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. 2016ല്‍ ഡിഎംകെ ജയിച്ച മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എഐഎഡിഎംകെ ആയിരുന്നു.
ഇത്തവണ എഐഎഡിഎംകെ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എന്‍ഡിഎയെ സഹായിക്കാനാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് എഐഎഡിഎംകെ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ പിഎംകെ സ്ഥാനാര്‍ഥിക്ക് മറിക്കുമെന്നും അതുവഴി ഡിഎംകെയെ പരാജയപ്പെടുത്തകയാണ് ലക്ഷ്യമെന്നും ഇന്ത്യ സഖ്യം ആരോപിച്ചു.
അതേസമയം, തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പുകളില്‍ 90 ശതമാനവും ഭരണകക്ഷി വിജയിച്ചതാണ് ചരിത്രം. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തൂത്തുവാരിയിരുന്നു. തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും ഉള്‍പ്പെടെ 40 സീറ്റിലും ഇന്ത്യ സഖ്യമാണ് ജയിച്ചത്. ഈ സാഹചര്യത്തില്‍ തോല്‍വി ഉറപ്പാണ് എന്ന അപകടം മനസിലാക്കിയാണ് വിജയുടെ പാര്‍ട്ടി ഉപതിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ഒരു നിരീക്ഷണം.












Click it and Unblock the Notifications