വിജയ് ഡിസംബറില്‍ കളത്തിലിറങ്ങും? എഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹം, മറ്റൊരു റിപ്പോര്‍ട്ടും
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചൂടുപിടിക്കുകയാണ്. വിവിധ വാര്‍ത്തകളാണ് ഇത് സംബന്ധിച്ച് തമിഴ് മാധ്യമങ്ങളില്‍ വരുന്നത്. വിവിധ പാര്‍ട്ടി നേതാക്കളും നടന്മാരും വിഷയത്തില്‍ പ്രതികരിക്കുക കൂടി ചെയ്തതോടെ സജീവ ചര്‍ച്ചയായിരിക്കുകയാണ് വിജയുടെ രാഷ്ട്രീയം. രാഷ്ട്രീയത്തില്‍ വന്നാല്‍ വിജയിയെ സ്വാഗതം ചെയ്യുമെന്നാണ് നടന്‍ ശരത് കുമാര്‍ പറഞ്ഞത്.
അതേസമയം, വിജയ് അടുത്ത ഡിസംബറില്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് ഒരു റിപ്പോര്‍ട്ട്. ജയലളിതയുടെ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്നും ഈ വാര്‍ത്തകളില്‍ പറയുന്നു. ഇതിന് ബലമേകി പാര്‍ട്ടിയുടെ പ്രതിനിധി ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. അതേസമയം, വിജയ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രാഷ്ട്രീയത്തില്‍ സജീവമാകുക എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

തമിഴ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന ജയലളിതയും കരുണാനിധിയും വിട പറഞ്ഞു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ശക്തനായ നേതാവായി ഉദിച്ചിരിക്കുന്നു. ഭിന്നതയിലേക്ക് കൂപ്പുകുത്തിയ എഡിഎംകെയില്‍ ശക്തി മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കാണ്. എന്നാല്‍ പനീല്‍ശെല്‍വം വിഭാഗം വഴിമുടക്കി നില്‍ക്കുകയും ചെയ്യുന്നു. ഇവിടെയാണ് വിജയ് എത്തുമെന്ന വാര്‍ത്തകള്‍ തരംഗമാകുന്നത്.
സിനിമാ രംഗത്ത് നിന്ന് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. കമല്‍ഹാസന്‍ കളത്തിലിറങ്ങിയെങ്കിലും വേണ്ടത്ര തിളങ്ങാനായില്ല. അല്‍പ്പമെങ്കിലും തിളങ്ങിയ വിജയകാന്ത് ഇപ്പോള്‍ ക്ഷീണിതനാണ്. ശരത് കുമാറടക്കം രാഷ്ട്രീയത്തിലുള്ള സിനിമാ താരങ്ങള്‍ക്ക് വലിയ കുതിപ്പ് നടത്താന്‍ സാധിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വിജയുടെ വരവ്.
ദന്തി ടിവിയില്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു. എഡിഎംകെ പ്രതിനിധിയായി പങ്കെടുത്ത മണികണ്ഠന്‍ വിജയ് തങ്ങളുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നും ഡിസംബറില്‍ അദ്ദേഹം തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും പറഞ്ഞു. മാത്രമല്ല, എംകെ സ്റ്റാലിന്റെ ശക്തി വിജയുടെ വരവോടെ ക്ഷയിക്കുമെന്നും എടപ്പാടി പളനിസ്വാമിയുടെ അനുയായി കൂടിയായ മണികണ്ഠന്‍ അവകാശപ്പെടുന്നു.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജയ് രാഷ്ട്രീയത്തില്‍ സജീവകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിജയ് ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളെ എല്ലാവരും കാണുന്നത്.
2020ല്‍ വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പിതാവ് ചന്ദ്രശേഖര്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് തടയുകയാണ് വിജയ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വിജയ് തന്റെ ആരാധകരുടെ സംഘടനക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കി. സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോള്‍ അവര്‍ എല്ലാ മണ്ഡലങ്ങളിലും സര്‍വ്വെ നടത്തുകയാണ്. കഴിഞ്ഞ 5 തിരഞ്ഞെടുപ്പിലെ വിവരങ്ങളും ശേഖരിക്കുന്നു. വരുന്ന 17ന് വിദ്യാര്‍ഥികളുടെ പരിപാടി സംഘടിപ്പിക്കുന്നതും ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതും വലിയ വാര്‍ത്തയാണ്.












Click it and Unblock the Notifications