80 സീറ്റുകള്‍ക്ക് പുറമെ ഉപമുഖ്യമന്ത്രി പദം; ടിവികെ-എഡിഎംകെ സഖ്യം എന്ന് പ്രചാരണം, മൗനം വെടിഞ്ഞ് വിജയ്
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള അടുത്ത തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടിയുമായി വിജയ് സഖ്യമുണ്ടാക്കുമെന്ന പ്രചാരണം ശക്തം. രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും വിജയ് ചില ഉപാധികള്‍ മുന്നോട്ട് വച്ചുവെന്നുമാണ് പ്രചാരണം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പത്രം വാര്‍ത്ത നല്‍കിയതോടെ പലവിധ പ്രചാരണങ്ങള്‍ക്ക് ഇടയാക്കി. ഇതോടെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് വിജയുടെ ടിവികെ രംഗത്തുവന്നു.
തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി കഴിഞ്ഞ മാസമാണ് വിജയ് പ്രഖ്യാപിച്ചത്. വില്ലുപുരത്ത് കൂറ്റന്‍ സമ്മേളനം നടത്തിയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ നയങ്ങള്‍, നിലപാടുകള്‍ എന്നിവയെല്ലാം വിജയ് അന്ന് വ്യക്തമാക്കിയിരുന്നു. ഡിഎംകെ, ബിജെപി നയങ്ങളെ ശക്തമായി വിമര്‍ശിച്ച വിജയ് പക്ഷേ, എഐഎഡിഎംകെയെ കുറ്റപ്പെടുത്തിയില്ല. ഇതാണ് പുതിയ സഖ്യം എന്ന വാര്‍ത്തകള്‍ക്ക് ഇടയാക്കിയത്.

അണ്ണാഡിഎംകെ സ്ഥാപകന്‍ എംജിഎആറിനെ പുകഴ്ത്തിയാണ് വിജയ് നേരത്തെ സംസാരിച്ചത്. മാത്രമല്ല, അണ്ണാഡിഎംകെ നേതാക്കള്‍ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് പ്രതികരിച്ചതുമില്ല. അതേസമയം, ഡിഎംകെ നേതാക്കള്‍ വിജയിയെ പരിഹസിക്കുകയും ചെയ്തു. ഇതെല്ലാം വിജയ്-അണ്ണാഡിഎംകെ സഖ്യ സാധ്യതയുണ്ടെന്ന പ്രചാരണത്തിന് ആക്കം കൂട്ടി.
ടിവികെ-അണ്ണാഡിഎംകെ നേതാക്കള്‍ സഖ്യ ചര്‍ച്ചകള്‍ നടത്തിയെന്നും 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവുമാണ് വിജയ് ആവശ്യപ്പെട്ടത് എന്നും വാര്‍ത്തകള്‍ വന്നു. ടിവികെയോ അണ്ണാഡിഎംകെ നേതാക്കളോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതോടെ പ്രചാരണം കനത്തു. ഇതോടെയാണ് ഇന്ന് ടിവികെ നേതൃത്വം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തുവന്നത്.
2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്ന് ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു. ടിവികെയുടെ വളര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് ചിലര്‍ ഈ പ്രചാരണം നടത്തുന്നത്. തമിഴ് പത്രം നല്‍കിയ വാര്‍ത്ത തീര്‍ത്തും തെറ്റാണ്. ജനങ്ങള്‍ വിശ്വസിക്കരുതെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ സജ്ജമാകണമെന്നും ബുസി ആനന്ദ് പറഞ്ഞു.
വാര്‍ത്ത സംബന്ധിച്ച് പരസ്യമായ വിശദീകരണം നല്‍കണം എന്ന് വിജയ് ആവശ്യപ്പെട്ടത് പ്രകാരമാണ് ബുസി ആനന്ദ് മാധ്യമങ്ങളെ കണ്ടത്. 2026ല്‍ ഒറ്റയ്ക്ക് മല്‍സരിച്ച് മികച്ച വിജയം നേടുകയും ഭരണം പിടിക്കുകയുമാണ് ടിവികെയുടെ ലക്ഷ്യമെന്ന് ആനന്ദ് പറഞ്ഞു. ദ്രാവിഡ ആശയം, തമിഴ് ദേശീയത, സമത്വം, സാമൂഹിക നീതി, മതനിരപേക്ഷത എന്നീ കാര്യങ്ങളില്‍ ഊന്നിയാണ് ടിവികെ പ്രവര്‍ത്തിക്കുക എന്ന് വിജയ് ആദ്യദിനത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അണ്ണാഡിഎംകെ ബിജെപിയുമായി സഖ്യം ചേരുമെന്ന പ്രചാരണവും ശക്തമാണ്. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏത് പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണ് എന്ന മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവനയാണ് ഈ പ്രചാരണത്തിന് ബലമേകിയത്. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ എടപ്പാടി വീണ്ടും പ്രതികരിച്ചു. ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്നും 2023ല്‍ അവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications