vijay: കരടായി കരൂര്‍ ദുരന്തം; ടിവികെ മൂന്നാം വര്‍ഷത്തിലേക്ക്: 'ജനനായകന്റെ' ഭാവി ഇനി എന്താകും?
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിനിമയെ വെല്ലുന്ന ആകാംക്ഷയുടെ ദിനങ്ങളിലൂടെയാണ് തമിഴകം കടന്നുപോകുന്നത്. നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഇന്ന് മൂന്നാം വര്‍ഷത്തിലേക്കു കടക്കുകയാണ്. 2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാര്‍ട്ടി സ്ഥാപിച്ചത്. വലിയ ഉയര്‍ച്ച, താഴ്ച്ചകള്‍ കണ്ട രണ്ടു വര്‍ഷങ്ങളിലൂടെയാണ് പാര്‍ട്ടി കടന്നുപോയത്.
രാഷ്ട്രീയത്തിലും സിനിമയിലും വലിയ വെല്ലുവിളികളിലൂടെയാണ് ടിവികെ നേതാവും സൂപ്പര്‍താരവുമായ വിജയ് ഇപ്പോള്‍ കടന്നുപോകുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിനു ശേഷം താരപരിവേഷത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങിയ വിജയ് അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നടുവിലാണ് അകപ്പെട്ടിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ജനമനസുകളില്‍ ടിവികെ എത്രത്തോളം ഇടംപിടിച്ചിട്ടുണ്ടെന്ന് അധികം വൈകാതെ അറിയാം. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വിജയ് നടത്തുന്ന പ്രസംഗമാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സിനിമയില്‍ നിന്ന് പൂര്‍ണമായി വിരമിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് ഈ പ്രസംഗത്തില്‍ നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്.

വിജയ് തന്റെ അവസാന ചിത്രമെന്ന് പ്രഖ്യാപിച്ച 'ജനനായകന്റെ' റിലീസ് വലിയ പ്രതിസന്ധിയിലാണ്. ജനുവരിയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍പ്പെട്ട് കോടതി കയറിയിരിക്കുകയാണ്. ഇത് ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയില്‍ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ ഇപ്പോഴും ചിത്രത്തിന്റെ റിലീസ് തീയതി അനിശ്ചിതത്വത്തിലാണ്.
വിജയ്ക്ക് രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തിരിച്ചടിയായത് കരൂരിലെ പാര്‍ട്ടി സമ്മേളനത്തിനിടെയുണ്ടായ ദുരന്തമാണ്. തങ്ങള്‍ ആരാധിക്കുന്ന നായകനെ കാണാന്‍ എത്തിയ ആരാധകര്‍ തിക്കിലും തിരക്കിലുംപെട്ട് ചവിട്ടി അരയ്ക്കപ്പെട്ടു. സത്രീകളും കുട്ടികളും ഉള്‍പ്പെടെ 41 പേരാണ് കരൂരിലെ ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍ ദുരന്തത്തേക്കാള്‍ വലിയ വിമര്‍ശനം ഉയര്‍ന്നത് ജനനായകന്റെ ഒളിച്ചോട്ടത്തിന് നേരെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാതെ വിജയ് ഉടന്‍ ചെന്നൈയിലേക്കു മടങ്ങി. ഒരു പാര്‍ട്ടി നേതാവിന് ചേരാത്ത പക്വതയില്ലാത്ത പ്രവൃത്തിയായി അതു വിലയിരുത്തപ്പെട്ടു. പിന്നീട് വിശദീകരണവുമായി വിജയ് എത്തിയെങ്കിലും കരൂര്‍ ദുരന്തം പാര്‍ട്ടിക്കുണ്ടാക്കിയ കളങ്കം ചെറുതല്ല. ദുരന്തത്തെതുടര്‍ന്ന് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലായി.
ഈ സംഭവത്തില്‍ സിബിഐ അന്വേഷണം നേരിടുന്ന വിജയ് തന്റെ മുടങ്ങിപ്പോയ പര്യടനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടത്തിയേക്കും. വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ശക്തമായി ഇറങ്ങാന്‍ തന്നെയാണ് നടന്റെ തീരുമാനം.
പാര്‍ട്ടിക്ക് 'വിസില്‍' ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോരാടാനാണ് നിലവില്‍ ടിവികെയുടെ തീരുമാനം. വിജയിയെ തങ്ങളുടെ കൂട്ടത്തില്‍ കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ തന്ത്രം ആദ്യഘട്ടത്തില്‍ തന്നെ പാളിപ്പോയി. ഭരിക്കുന്ന ഡിഎംകെ രാഷ്ട്രീയ ശത്രുവാണെന്നും ബിജെപി പ്രത്യയശാസ്ത്ര ശത്രുവാണെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ വിജയ് ചെന്നൈയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications