മുന്‍ കാമുകനെതിരെ നടി അമല പോള്‍ ഹൈക്കോടതിയില്‍; പരാതി ഇങ്ങനെ
ചെന്നൈ: മുന്‍ കാമുകനെതിരെ നടി അമല പോള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗായകന്‍ ഭവീന്ദര്‍ സിങിനെതിരെയാണ് അമല പോളിന്റെ ഹര്‍ജി. തനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഭവീന്ദര്‍ സിങ് ദുരുപോയഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അമല പോളിന്റെയും ഭവീന്ദര്‍ സിങിന്റെയും വിവാഹ ചിത്രങ്ങള്‍ എന്ന പേരില്‍ ഭവീന്ദര്‍ സിങ് സോഷ്യല്‍ മീഡിയയില്‍ ചില ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. നടി വീണ്ടും വിവാഹിതയായി എന്ന പ്രചാരണം വരികയും ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു.

എന്നാല്‍ അമല പോള്‍ വിവാഹ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. തുടര്‍ന്ന് ഭവീന്ദര്‍ സിങ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു. പ്രഫഷണലിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുകയാണുണ്ടായത് എന്ന് അമല പോള്‍ വിശദീകരിച്ചു. ഇപ്പോള്‍ ഈ വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടി.
ഭവീന്ദര്‍ സിങിന്റെ കൈവശമുള്ള തന്റെ ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. തെറ്റായ കുറിപ്പോടെ തന്റെ ചിത്രങ്ങള്‍ പങ്കുവച്ച ഭവീന്ദര്‍ സിങിനെതിരെ അപകീര്‍ത്തി കേസ് എടുക്കണമെന്നും അമല പോള്‍ ആവശ്യപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ നടിക്ക് കോടതി അനുമതി നല്‍കി. തുടര്‍ നടപടി സ്വീകരിക്കാന്‍ പോലീസിനും കോടതി നിര്‍ദേശം നല്‍കി.
സംവിധായകന്‍ എഎല്‍ വിജയുമായി 2014ലാണ് അമല പോളിന്റെ വിവാഹം കഴിഞ്ഞത്. ഒത്തുപോകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് 2017ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് സിനിമാ രംഗത്ത് കൂടുതല്‍ സജീവമാകുകയായിരുന്നു നടി. ആടൈ ആണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന അമല പോളിന്റെ ചിത്രം. അതോ അന്ത പറവൈ പോല എന്ന ചിത്രം ഷൂട്ടിങ് കഴിഞ്ഞിട്ടുണ്ട്. കൊറോണ കാരണം തിയേറ്ററുകള്‍ അടച്ചതിനാല്‍ റിലീസ് ചെയ്തിട്ടില്ല.












Click it and Unblock the Notifications