നടി ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു; മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് നടി
ദില്ലി; അഭ്യൂഹങ്ങൾക്കൊടുവിൽ സിനിമാതാരവും മുൻ കോൺഗ്രസ്സ് വക്താവുമായിരുന്ന ഖുശ്‌ബു ബിജെപിയിൽ ചേർന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശിയ ജനറൽ സെക്രട്ടറി സിടി രവിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് പാർട്ടിയിൽ ചേർന്ന പിന്നാലെ ഖുശ്ബു പ്രതികരിച്ചു.
Recommended Video
എന്നെ സംബന്ധിച്ച് ബിജെപി എനിക്ക് വേണ്ടി എന്ത് ചെയ്യും എന്നല്ല. മറിച്ച് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യും എന്നാണ്. രാജ്യത്തെ 128 കോടി ജനങ്ങൾ പ്രധാനമന്ത്രിയിൽ വിശ്വസിക്കുമ്പോൾ അദ്ദേഹം ശരിയായ ദിശയിലാണ് രാജ്യത്തെ നയിക്കുന്നുവെന്ന് വേണം കരുതാൻ, ഖുശ്ബു പറഞ്ഞു. ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും ഖുശ്ബു പറഞ്ഞു. ഖുശ്ബുവിനെ കൂടാതെ മദൻ രവിചന്ദ്രൻ, മുൻ ഐആർഎസ് ശരവണ കുമാറും ബിജെപിയിൽ അംഗത്വമെടുത്തു.

ഇന്ന് രാവിലെയോടെയാണ് ബിജെപിയിൽ ചേരുന്നതിനായി ഖുശ്ബു ദില്ലിയിലേക്ക് പുറപ്പെട്ടത്. എന്നാൽ മാധ്യമങ്ങളോട് ഇക്കാര്യം പ്രതികരിക്കാൻ അവർ തയ്യാറായിരുന്നില്ല. അതേസമയം അഭ്യൂഹങ്ങൾ ശക്തമായതോടെ ഖുശ്ബുവിനെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കം ചെയ്തിരുന്നു. തൊട്ട് പിന്നാലെ തുടർന്ന് സോണിയ ഗാന്ധിയ്കക്ക് അവർ രാജിക്കത്ത് സമർപ്പിച്ചു. തന്നെ പോലുള്ളവരെ പാർട്ടിയിൽ അടിച്ചമർത്തുകയാണെന്നാണ് ഖുശ്ബു സോണിയയ്ക്ക് അയച്ച കത്തിൽ പറഞ്ഞത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അവർ കോൺഗ്രസ് നേതൃത്വവുമായി കടുത്ത അതൃപ്തിയിലായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റിനായി ഖുശ്ബു ചരടുവലികൾ നടത്തുന്നുണ്ടെങ്കിലും സംസ്ഥാന ഘടകം നേതാക്കൾ ഇതിന് തടയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് അതൃപ്തി മുതലെടുത്ത് ബിജെപി ഖുശ്ബുവിനെ പാർട്ടിയിൽ എത്തിച്ചത്.
അതേസമയം ഖുശ്ബുവിന് വൻ വാഗ്ദാനങ്ങളാണ് ബിജെപി നൽകിയിരിക്കുകയാണെന്നാണ് വിവരം. കന്യാകുമാരി ഉപതെരഞ്ഞെടുപ്പില്‍ ഖുശ്ബുവിന് രാജ്യസഭാ സീറ്റ് നല്‍കാം എന്നാണ് ഒരു വാഗ്ദാനം. അല്ലേങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകിയേക്കുമെന്നാണ് വിവരം . അതുമല്ലെങ്കിൽ സര്‍ക്കാര്‍ ബോര്‍ഡുകളില്‍ അധ്യക്ഷ പദവി നല്‍കാം എന്നാണ് വാഗ്ദാനം.












Click it and Unblock the Notifications