നടി ക്രിസാന്‍ പെരേരയെ കുറ്റവിമുക്തയാക്കി യുഎഇ കോടതി, ഉടന്‍ നാട്ടിലേക്ക് തിരിക്കും
മുംബൈ: മയക്കുമരുന്ന് കേസില്‍ കുടുക്കിയ ബോളിവുഡ് നടി ക്രിസാന്‍ പെരേരയെ യുഎഇ കോടതി കുറ്റവിമുക്തയാക്കി. നടിയെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതാണെന്ന് ഷാര്‍ജ കോടതി വിധിച്ചു. അയല്‍വാസിയുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് നടിയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയത്. ഇതേ തുടര്‍ന്ന് അവര്‍ യുഎഇയില്‍ ജയിലിലുമായിരുന്നു.
കുറ്റവിമുക്തയാക്കിയതോടെ നടിക്ക് നാട്ടിലേക്ക് തിരിക്കാം. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇവര്‍ നാട്ടിലേക്ക് തിരിച്ചേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ മാസം മുതല്‍ കേസില്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു ഷാര്‍ജ കോടതി.

അതുവരെ ജാമ്യത്തിലായിരുന്നു നടി. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കോടതിക്ക് ഇവരെ കുറ്റവിമുക്തയാക്കാനാവൂ. അതാണ് നാട്ടിലേക്ക് മടങ്ങുന്നതിനും നേരത്തെ തടസ്സമായത്.
നടിയെ കുടുക്കിയതാണെന്ന് കേസിന്റെ തുടക്കം മുതല്‍ തന്നെ കുടുംബം ആരോപിച്ചിരുന്നു. മുംബൈ ക്രൈംബ്രാഞ്ച് ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. ഇവരെ കേസില്‍ കുടുക്കിയതാണെന്ന് കാണിച്ച് പോലീസ് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
ക്രിസാനിന്റെ പാസ്‌പോര്‍ട്ട് കൈമാറാന്‍ അധികൃതരോട് ഷാര്‍ജ കോടതി ആവശ്യപ്പെട്ടുവെന്നും മുംബൈ പോലീസ് പറഞ്ഞു. ഷാര്‍ജ അധികൃതര്‍ ഈ പാസ്‌പോര്‍ട്ട് കൈമാറുന്ന പക്ഷം നടി നാട്ടിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ മുംബൈ ക്രൈംബ്രാഞ്ച്, ആന്റണി പോള്‍, ഇയാളുടെ സഹായി രാജേഷ് ഭോപ്പഡെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വെബ് സീരീസിന്റെ ഓഡീഷനുണ്ടെന്ന വ്യാജേനയാണ് ഇവര്‍ നടിയെ സമീപിച്ചത്. തുടര്‍ന്ന് ഇവരുടെ ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെക്കുകായിരുന്നു. ക്ലെയ്റ്റണ്‍ റോഡിഗ്രസ് എന്നയാളെ ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. റോഡ്രിഗസിനെയും ഇതുപോലെ കുടുക്കിയതാണ്. അതിന്റെ വിവരങ്ങളും പോലീസ് കൈമാറും.












Click it and Unblock the Notifications